ലോക്സഭാ തിരഞ്ഞെടുപ്പ്; ഇടതുമുന്നണിയിൽ സീറ്റുവിഭജനം പൂർത്തിയായി; സ്ഥാനാർഥിനിർണയ ചർച്ചകളിലേക്ക് സി.പി.എം

തിരുവനന്തപുരം: ഇടതുമുന്നണിയിൽ സീറ്റുവിഭജനം പൂർത്തിയാക്കിയതിനാൽ അടുത്തയാഴ്ചയോടെ സ്ഥാനാർഥിനിർണയ ചർച്ചകളിലേക്ക് കടക്കാൻ സി.പി.എം. ആലോചന. ഓരോ മണ്ഡലത്തിലും വിജയം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംസ്ഥാനസമിതി യോഗം ഞായറാഴ്ച തുടങ്ങും. സംസ്ഥാനത്തെ പൊതു രാഷ്ട്രീയസ്ഥിതിയും തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ വിലയിരുത്തലും അടങ്ങുന്ന റിപ്പോർട്ടും സംസ്ഥാനസമിതി യോഗത്തിൽ അവതരിപ്പിക്കും.

15 മണ്ഡലങ്ങളിലാണ് സി.പി.എം. മത്സരിക്കുന്നത്. തിരുവനന്തപുരം, മാവേലിക്കര, കോട്ടയം, തൃശ്ശൂർ, വയനാട് മണ്ഡലങ്ങളാണ് ഘടകകക്ഷികൾ മത്സരിക്കുന്നത്. ഈ സീറ്റുകളിലൊഴികെയുള്ള പാർട്ടിസ്ഥാനാർഥികളെ കണ്ടെത്താനുള്ള അനൗപചാരിക ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. അതത് ജില്ലാഘടകങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾകൂടി പരിഗണിച്ചാകും സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമെടുക്കുക.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ഉടനെ സ്ഥാനാർഥികളുടെ പ്രഖ്യാപനവും നടത്തണമെന്നാണ് സി.പി.എം. കണക്കാക്കുന്നത്. അതിനാണ്, അടിയന്തരമായി ശനിയാഴ്ചതന്നെ എൽ.ഡി.എഫ്. യോഗംവിളിച്ച് സീറ്റുവിഭജനം പൂർത്തിയാക്കിയത്.ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവർക്കുള്ള ശില്പശാല പൂർത്തിയാക്കിയതിനുശേഷമുള്ള സംസ്ഥാനസമിതിയാണ് ഞായറാഴ്ച തുടങ്ങുന്നത്. കേരളത്തിലെ സമീപകാല രാഷ്ട്രീയ വിഷയങ്ങളിലെല്ലാമുള്ള പാർട്ടി വിശദീകരണം ശില്പശാലയിലൂടെ നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കേരളവിരുദ്ധസമീപനം കേന്ദ്രമാക്കി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള നിർദേശവുംനൽകി. ഇതിനുശേഷം ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾക്ക് സംസ്ഥാന കമ്മിറ്റി രൂപംനൽകും.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക