പച്ചവെള്ളത്തിന് സാധാരണക്കാരന്റെ കൈയ്യില്‍ നിന്ന് സര്‍ക്കാര്‍ പിഴിയുന്നത് പൊള്ളുന്ന വാട്ടര്‍ ബില്ല് നല്‍കിയാണ്. ബില്ല് അടച്ചില്ലെങ്കില്‍ തല്‍ക്ഷണം വാട്ടര്‍ കണക്ഷന്‍ കട്ട് ചെയ്യുകയും ചെയ്യും. സര്‍വ്വ മേഖലയും വിലക്കയറ്റത്തിന്റെ കൊടുമുടി കയറിയതോടെ ജനം നട്ടം തിരിയുകയാണ്. കുപ്പിവെള്ളക്കമ്പനികള്‍ ഊറ്റി വില്‍ക്കുന്ന കുപ്പി വെള്ളത്തിനു പോലും വില നിയന്ത്രണമില്ല. ഈ സാഹചര്യത്തിലാണ് വകുപ്പുമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ 3.29 ലക്ഷം രൂപ മുടക്കി പൈപ്പ് മാറ്റുന്നത്.
പൈപ്പുകള്‍ മാറ്റുന്നതിനുള്ള പണിക്കായി ആദ്യ ടെണ്ടറില്‍ ആരും പങ്കെടുത്തില്ല. ഇതോടെ പൊതുമരാമത്ത് വകുപ്പ് 2023 നവംബറില്‍ റീ ടെണ്ടര്‍ ചെയ്യുകയായിരുന്നു. പഴയ പൈപ്പ് മാറ്റി പുതിയ എ എസ് ടി എം പൈപ്പ് ഘടിപ്പിക്കാനാണ് റോഷി അഗസ്റ്റിന്റെ നിര്‍ദ്ദേശം. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുള്ള പ്രശാന്ത് ബംഗ്ലാവാണ് റോഷി അഗസ്റ്റിന്റെ ഔദ്യോഗിക വസതി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് വേണ്ടി ഖജനാവില്‍ നിന്ന് കോടികള്‍ ചെലാക്കിയത് കേരളം കണ്ടതാണ്. 2021ല്‍ ക്ലിഫ് ഹൗസില്‍ വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍ ടെണ്ടര്‍ മുഖേന നടത്തിയത് മാത്രം 2.19 കോടി രൂപക്കാണ്.
ടോയ് ലെറ്റിന് 3.79 ലക്ഷം രൂപയാണ് ചെലവിട്ടത്. സുരക്ഷ വര്‍ദ്ധിപ്പിക്കാനായി ചുറ്റു മതില്‍ ഉരം കൂട്ടിയതടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 39.54 ലക്ഷം രൂപയും ചെലവാക്കി. ക്ലിഫ് ഹൗസിന്റെ മുന്‍ വശത്തെ ടാറിംഗിനായി 1.55 ലക്ഷം ചെലവിട്ടു. സിസിടിവി സ്ഥാപിക്കാന്‍ 15.89 ലക്ഷം. മണ്‍സൂണിന് മുന്‍പു നടത്തിയ പ്രവൃത്തിക്ക് 1.69 ലക്ഷം രൂപയാണ് ചെലവാക്കിയത്. കറണ്ടു പോയാല്‍ പകരം സംവിധാനത്തിനായി ഡീസല്‍ ജനറേറ്റര്‍ സ്ഥാപിച്ചത് 6 ലക്ഷം രൂപയ്ക്ക്. 72.46 ലക്ഷത്തിന് ബാരക്ക്. മരത്തിന്റെ ചില്ല മുറിച്ചത് 1.77 ലക്ഷം ചെലവിട്ട്. ഗാര്‍ഡ് റൂമില്‍ കബോര്‍ഡിന് 1.39 ലക്ഷം. ഇന്റീരിയര്‍ വര്‍ക്ക് 3.50 ലക്ഷം മുടക്കിയാണ് പൂര്‍ത്തിയാക്കിയത്.
നടപ്പാത മനോഹരമാക്കിയ വകയില്‍ 13.62 ലക്ഷം ചെലവഴിച്ചു. പശു തൊഴുത്ത് എയര്‍ കണ്ടീഷന്‍ ചെയ്യാന്‍ 42.50 ലക്ഷമാണ് ചെലവിട്ടത്. ക്ലിഫ് ഹൗസിലെ കര്‍ട്ടന്‍ 7 ലക്ഷം. പെയിന്റിംഗ് 10.70 ലക്ഷം എന്നിങ്ങനെയാണ് ക്ലിഫ് ഹൗസില്‍ 2021 ല്‍ പൊതുമരാമത്ത് വകുപ്പ് വഴി നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ടെണ്ടര്‍ വിളിച്ചു നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് മാത്രമാണ് 2.19 കോടി രൂപയ്ക്കുള്ളത്. ടെണ്ടര്‍ വിളിക്കാതെ നത്തിയ പ്രവൃത്തികളുടെ കണക്ക് കൂടി ചേര്‍ത്താല്‍ തുക ഇനിയും ഉയരും.ഏകദേശം 55 ലൈഫ് മിഷന്‍ വീടുകള്‍ നിര്‍മ്മിക്കാനുള്ള തുകയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചെലവഴിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്കു പിന്നാലെ എല്ലാ മന്ത്രിമാരും തങ്ങളുടെ മന്ത്രി മന്ദിരങ്ങളിലെ അറ്റകുറ്റ പണികള്‍ ചെയ്തിരുന്നു. നിത്യനിദാന ചെലവുകള്‍ക്കു പോലും കേരളത്തിന് കഴിയുന്നില്ലെന്ന് ചീഫ്‌സെക്രട്ടറി കോടതിയില്‍ സത്യവാങ്മാലം നല്‍കിയിരുന്നപ്പോഴാണ് മന്ത്രിമന്ദിരങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ മന്ത്രിയുടെ പാചകക്കാരനെ മാറ്റിയിരുന്നതും, മുന്‍ ഗതാഗത മന്ത്രി ഉപയോഗിച്ചിരുന്ന വിലകൂടി. സര്‍ക്കാര്‍ ഫോണ്‍ അദ്ദേഹത്തിന് ചുളു വിലയ്ക്ക് നല്‍കിയതും വിവാദമായിരുന്നു.
ഉന്നത വിദ്യാഭ്യാസ മന്ത്രി കണ്ണടയ്ക്ക് വേണ്ടി ഖജനാവില്‍ നിന്നും പണം പറ്റിയതും, പുതിയ കാറുകള്‍ വാങ്ങാന്‍ തീരുമാനിച്ചതും വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. വറുതിക്കാലത്ത് പൗരപ്രമുഖര്‍ക്കായി മുഖ്യമന്ത്രി നടത്തിയ വിരുന്നു സദ്ക്കാരത്തിനും പൊടിച്ചത് 10 ലക്ഷം രൂപയാണ്. സ്പീക്കര്‍ എ.എന്‍ ഷംസീറും നിയമസഭാ ജീവനക്കാര്‍ക്കായി പത്തുലക്ഷം രൂപയുടെ ഓണസദ്യയൊരുക്കി വിവാദത്തില്‍പ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക