ഫെബ്രുവരി കവര്‍ന്ന മലയാളത്തിന്റെ ‘സൂര്യ കിരീടം’

വാക്കുകളില്‍ ദുഖവും പ്രണയവും വിരഹവും ഗൃഹാതുരതകളും ഒപ്പം തീഷ്ണമായ മനുഷ്യ ബന്ധങ്ങളും ചേര്‍ത്തുവെച്ച് മലയാള മനസ്സുകളില്‍ വിങ്ങല്‍ തീര്‍ത്ത ഗിരീഷ് പുത്തഞ്ചേരിയെന്ന അത്ഭുത പ്രതിഭ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് പതിനാലു വര്‍ഷം. ഫെബ്രുവരി കവര്‍ന്ന ആ മഹാ പ്രതിഭക്ക് തന്റെ അല്‍പ്പായുസ്സില്‍ ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞതെല്ലാം മലയാളത്തിന്റെ ഹൃദയത്തില്‍ കോറിയിട്ടിട്ടാണ് ആ ‘സൂര്യ കിരീടം വീണുടഞ്ഞത്….രാവിന്‍ തിരുവരങ്ങില്‍’ മലയാളചലച്ചിത്ര ഗാനവഴികളിലെ ഗിരീഷ് പുത്തഞ്ചേരി- സംഗീതം ഇഷ്ടപ്പെടാത്ത മനുഷ്യര്‍ ഇല്ലാത്തതു കൊണ്ടാവാം സംഗീതത്തെ വികാരത്തിന്റെ ഭാഷ എന്ന് വിശേഷിപ്പിക്കുന്നത്. മനുഷ്യനെന്നല്ല ഭൂമുഖത്തെ ഏതൊരു ജീവനേയും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇത്രയേറെ സ്വാധീനിക്കാന്‍ സംഗീതമല്ലാതെ മറ്റൊരു കലയ്ക്കുമാകില്ല.

സംഗീതത്തില്‍ പ്രണയം, നൈരാശ്യം, പ്രതീക്ഷ, മോഹഭംഗം, സൗഹൃദം, ഏകാന്തത, പ്രകൃതി സൗന്ദര്യം, സന്തുഷ്ടി ,സന്താപം അങ്ങനെ എല്ലാമുണ്ട്. ഈ ചേരുവകയെല്ലാം തന്റെ ചലച്ചിത്ര ഗാന രചനകളിലേയ്ക്ക് ചേര്‍ത്ത ഗിരീഷ് പുത്തഞ്ചേരി ശരിക്കും പദങ്ങളാല്‍ തിരയപ്പെട്ട കവിയെന്നു തന്നെ പറയാം. 90 കളില്‍ ഇറങ്ങിയ ജോണിവാക്കര്‍ എന്ന ജയരാജ് ചിത്രത്തില്‍ ‘ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടു വാ…ഓഹോ കൊണ്ടു വാ…’ എന്നുടങ്ങുന്ന ഗാനം രചിച്ചാണ് പുത്തഞ്ചേരി ശ്രദ്ധിക്കപ്പെടുന്നത്. താളബോധവും ഭാവനയും പിന്നെ അന്‍പത്തിയൊന്നക്ഷരങ്ങള്‍ കൊണ്ടു തീര്‍ത്ത മായാജാലങ്ങളും  ഗിരീഷ് പുത്തഞ്ചേരിയെന്ന പാട്ടെഴുത്തുകാരനെ അടയാളപ്പെടുത്തിക്കൊണ്ടേയിരുന്നു. 

കേരളം പിന്നീട് കണ്ടതും കേട്ടതും മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രഗാന രചയിതാവും കവിയും തിരക്കഥാകൃത്തുമായ ഗിരീഷ് പുത്തഞ്ചേരിയെയയാരുന്നു. ഇന്ത്യന്‍ പെര്‍ഫോമന്‍സ് റൈറ്റ്സ് സൊസൈറ്റിയുടെ മലയാള വിഭാഗം ഡയറക്ടറായും കേരള കലാമണ്ഡലം, കേരള ലളിതകലാ അക്കാദമി എന്നിവയുടെ ഭരണസമിതിയംഗമായും അദ്ദേഹം പ്രവര്‍ത്തിക്കുകയും ചെയ്തു. കോഴിക്കോട് സ്വദേശിയായിരുന്ന ഗിരീഷ്, 1989-ല്‍ പുറത്തിറങ്ങിയ എന്‍ക്വയറി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതികൊണ്ടാണ് മലയാള ചലച്ചിത്ര ഗാനശാഖയിലേക്ക് കടന്നുവന്നത്. മികച്ചഗാനരചയിതാവിനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരം ഏഴുതവണ ഏറ്റുവാങ്ങി. ചുരുങ്ങിയ കാലയളവില്‍ ഏറ്റവുമധികം ഗാനങ്ങള്‍ മലയാളസിനിമയില്‍ രചിച്ച ബഹുമുഖ പ്രതിഭയെന്നപേരിലും പേരെടുത്തു. 

എണ്ണം പറഞ്ഞ പാട്ടുകളിലൂടെ ഇന്നും ഗരീഷ് പുത്തഞ്ചേരി ഓരോ മലയാളി വീടുകളിലും എത്തുന്നുണ്ട്. ‘കണ്ണും നട്ടു കാത്തിരുന്നിട്ടും’…എന്ന പാട്ട് കഥാവശേഷന്‍ എന്ന സിനിമയുടെ ഹൃദയമാണ്. ഒരു നടിയെന്ന നിലയില്‍ നവ്യാ നായരുടെ കരിയറില്‍ നന്ദം സിനിമ വലിയ സ്വാധീനമാണ് ചെലുത്തിയത്. ഇതിലെ ‘കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍…’ എന്ന പാട്ട് കരയിക്കാത്ത മനുഷ്യരില്ല. അത്രയേറെ ഹൃദയസ്പര്‍ശിയായ വരികളാണ് ഗരീഷ് പുത്തഞ്ചേരി എഴുതി വെച്ചിരിക്കുന്നത്. ജയറാം നായകനായ കൃഷ്ണ ഗുഡിയിലെ ഒരു പ്രണയ കാലത്ത് എന്ന സിനിമയിലെ ‘പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം’ എന്ന പാട്ട് എത്രയോ കാമുകീ കാമുകന്‍മാര്‍ക്ക് പ്രചോദനം നല്‍കിയിട്ടുണ്ട്. 

കവിതയുടെ വിഷയ സ്വീകരണ സ്വാതന്ത്ര്യവും ഘടനാ രീതിയും കവി തന്നെ നിശ്ചയിക്കുമ്പോള്‍ ഗാന രചയിതാവ് ചലച്ചിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് അനുസൃതമായി ഗാനരചനയ്ക്ക് വിധേയനാകുന്നു. എന്നിട്ടുപോലും ആ ഗാനങ്ങളില്‍ സാഹിത്യത്തിന്റെ പ്രൗഢമായ ഒരു ഉള്‍ക്കനം ഒരുക്കിയെടുത്തു ഗിരീഷ് പുത്തഞ്ചേരി. കാലാതീതമായി നിലകൊള്ളുന്ന പാട്ടുകളുടെ പ്രവാഹം തീര്‍ത്ത് പാതി വഴിയില്‍ ഭൂമി വിട്ടുപോയ ആ മഹാ പ്രതിഭയ്ക്കു മുമ്പില്‍ ശിരസ്സ് നമിക്കുന്നു. ജ്യോതിഷം, വൈദ്യം, വ്യാകരണംതുടങ്ങിയ വിഷയങ്ങളില്‍ പണ്ഡിതനായിരുന്ന പരേതനായ പുളിക്കൂല്‍ കൃഷ്ണപ്പണിക്കരുടേയും കര്‍ണാടക സംഗീത വിദുഷിയായിരുന്ന പരേതയായ മീനാക്ഷിയമ്മയുടേയും മകനാണ് ഗിരീഷ് പുത്തഞ്ചേരി. 1961 മെയ് 1 ന് കോഴിക്കോടു ജില്ലയിലെ കൊയിലാണ്ടിയ്ക്കടുത്തുള്ള പുത്തഞ്ചേരിയില്‍ ജനനം. 

 

സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍ പുത്തഞ്ചേരി, മൊടക്കല്ലൂര്‍ യു.പി.സ്‌കൂള്‍, പാലോറ സെക്കന്‍ഡറി സ്‌കൂള്‍, ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കോഴിക്കോട് എന്നിവിടങ്ങളില്‍ പഠനം. പുത്തഞ്ചേരി ഗ്രാമത്തിലെ ബാലസംഘത്തിലെ സജീവ അംഗമായിരുന്ന ഗിരീഷ് ചെറു പ്രായത്തിലേ മലയാളസാഹിത്യത്തിലേക്ക് ആകൃഷ്ടനായിരുന്നു. സാംസ്‌കാരിക കൂട്ടായ്മയായ ചെന്താരക്കൂട്ടായ്മയുടെ നാടകങ്ങള്‍ രചിച്ചതും സംവിധാനം ചെയ്തതും ഗിരീഷായിരുന്നു. 1989ല്‍ യുവി രവീന്ദ്രനാഥ് സംവിധാനംചെയ്ത ‘എന്‍ക്വയറി’ എന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയാണ് ചലച്ചിത്രഗാനരചനാരംഗത്തേക്കു വരുന്നത്. 1992ല്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ ജയരാജ് സംവിധാനംചെയ്ത ജോണിവാക്കര്‍ എന്ന ചിത്രത്തിലെ ശാന്തമീ രാത്രിയില്‍ എന്നഗാനം ഏറെ ജനശ്രദ്ധയേറ്റുവാങ്ങി. 

 

344 ചിത്രങ്ങളിലായി 1600ലേറെ ഗാനങ്ങള്‍ അദ്ദേഹമെഴുതിയിട്ടുണ്ട്. എഴുതവണ സംസ്ഥാനസര്‍ക്കാറിന്റെ ഏറ്റവും മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള പുരസ്‌കാരം കരസ്ഥമാക്കി. മേലേപ്പറമ്പില്‍ ആണ്‍വീട്, ഇക്കരെയാണെന്റെ മാനസം, പല്ലാവൂര്‍ ദേവനാരായണന്‍, വടക്കുംനാഥന്‍, അടിവാരം, ഓരോവിളിയും കാതോര്‍ത്ത്, കേരളാ ഹൗസ് ഉടന്‍ വില്‍പ്പനക്ക് എന്നീ ചിത്രങ്ങള്‍ക്കു കഥയും, വടക്കുംനാഥന്‍, പല്ലാവൂര്‍ ദേവനാരായണന്‍, കിന്നരിപ്പുഴയോരം ബ്രഹ്‌മരക്ഷസ്സ് എന്നീച്ചിത്രങ്ങള്‍ക്കു തിരക്കഥയും രചിച്ചു. അവസാനകാലത്ത് സ്വന്തം തിരക്കഥയില്‍ രാമന്‍ പോലിസ് എന്നപേരില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനംചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു.

ഫെബ്രുവരി 2ന്, അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയെക്കുറിച്ച് അനുസ്മരണ കുറിപ്പ് എഴുതുന്നതിനിടയില്‍ പെട്ടെന്ന് കടുത്ത തലവേദന ഉണ്ടായി. ആശുപത്രിയിലെത്തിയ ഉടനെ അദ്ദേഹം അബോധാവസ്ഥയിലുമായി. രണ്ടുതവണ ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായില്ല. തുടര്‍ന്ന് മസ്തിഷ്‌ക്കാഘാതം സ്ഥിരീകരിക്കുകയായിരുന്നു. ഫെബ്രുവരി 10ന് രാത്രി എട്ടേമുക്കാലോടെ മരണം സ്ഥിരീകരിച്ചു. മരിക്കുമ്പോള്‍ 49 വയസ്സായിരുന്നു. ഏറെക്കാലമായി പ്രമേഹവും രക്താതിമര്‍ദ്ദവുമനുഭവിച്ചിരുന്നു. ബീനയാണു ഭാര്യ. ജിതിന്‍, ദിനനാഥ് എന്നിങ്ങനെ രണ്ട് ആണ്മക്കളുണ്ട്. മൂത്തമകനായ ജിതിന്‍ പുത്തഞ്ചേരി ചലച്ചിത്രനടനും സംവിധായകനുമാണ്. ഇളയമകനായ ദിനനാഥ്, അച്ഛന്റെ പാത പിന്തുടര്‍ന്ന്, ഗാനരചയിതാവായി.

സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ച പാട്ടുകള്‍

2004 – മികച്ച ഗാനരചയിതാവ് – കഥാവശേഷന്‍
2003 – മികച്ച ഗാനരചയിതാവ് – ഗൗരീ ശങ്കരം
2002 – മികച്ച ഗാനരചയിതാവ് – നന്ദനം
2001 – മികച്ച ഗാനരചയിതാവ് – രാവണ പ്രഭു
1999 – മികച്ച ഗാനരചയിതാവ് – പുനരധിവാസം
1997 – മികച്ച ഗാനരചയിതാവ് – കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത്
1995 – മികച്ച ഗാനരചയിതാവ് – അഗ്‌നിദേവന്‍

 

 

ഗിരീഷ് പുത്തഞ്ചേരി എഴുതിയ പ്രശസ്തമായ പാട്ടുകള്‍ 

സൂര്യകിരീടം വീണുടഞ്ഞു (ദേവാസുരം)
പിന്നെയും പിന്നെയും ആരോ (കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് )
ആരോ വിരല്‍മീട്ടി… (പ്രണയവര്‍ണ്ണങ്ങള്‍)
കണ്ണുംനട്ട് കാത്തിരുന്നിട്ടും…(കഥാവശേഷന്‍ 
ആകാശദീപങ്ങള്‍ സാക്ഷി.. (രാവണപ്രഭു)
ഇന്നലെ, എന്റെ നെഞ്ചിലെ.. (ബാലേട്ടന്‍)
കനകമുന്തിരികള്‍.. (പുനരധിവ- 1999)
നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ… (അഗ്‌നിദേവന്‍ )
ഒരു രാത്രികൂടെ വിടവാങ്ങവേ..(സമ്മര്‍ ഇന്‍ ബെത്ലഹേം)
അമ്മ മഴക്കാറിന്… (മാടമ്പി)
രാത്തിങ്കള്‍ പൂത്താലിചാര്‍ത്തി… (ഈ പുഴയും കടന്ന് )
ഏതോ വേനല്‍ക്കിനാവിന്‍..
കൈക്കുടന്ന നിറയെ…(മായാമയൂരം)
മേലെമേലേ മാനം..
നിലാവേ മായുമോ… (മിന്നാരം)
പുലര്‍വെയിലും പകല്‍മുകിലും… (അങ്ങനെ ഒരവധിക്കാലത്ത് 1999)
നീയുറങ്ങിയോ നിലാവേ… (ഹിറ്റ്‌ലര്‍ )
കളഭം തരാം… (വടക്കുംനാഥന്‍ )
ഹരിമുരളീരവം… (ആറാം തമ്പുരാന്‍ )
ശാന്തമീ രാത്രിയില്‍ (ജോണിവാക്കര്‍)

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക