റബ്ബര്‍ കൃഷിക്കുള്ള സബ്‌സിഡി ഹെക്ടറിന് 40,000 രൂപയാക്കി ഉയര്‍ത്തി കേന്ദ്രം:കർഷകർക്ക് ആശ്വാസം

കോഴിക്കോട്: റബ്ബർ കൃഷി സബ്സിഡി ഹെക്ടറിന് 40,000 രൂപയാക്കി ഉയർത്താൻ കേന്ദ്ര വാണിജ്യ മന്ത്രാലയം തീരുമാനിച്ചു.റബ്ബർ ബോർഡ് ഉടനെ ഇതിന് വിതരണാനുമതി നല്‍കും. നിലവില്‍ 25,000 രൂപയാണ് നല്‍കിവന്നിരുന്നത്. അടുത്ത സാമ്ബത്തികവർഷം മുതല്‍ വർധിച്ച നിരക്കിലുള്ള തുക കർഷകർക്ക് ലഭിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ഉയർന്ന തുക സബ്സിഡിയായി നല്‍കുന്നതും കേരളത്തില്‍ അത് ലഭ്യമാവാത്തതും വൻ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. പുതുകൃഷിക്കും ആവർത്തന കൃഷിക്കും സബ്സിഡി ലഭിക്കും.

റബ്ബർ ബോർഡിന് അടുത്ത രണ്ടുവർഷത്തേക്കുള്ള പദ്ധതികള്‍ക്കെല്ലാം ഇതോടൊപ്പം കേന്ദ്രസർക്കാർ അനുമതി നല്‍കി. പ്ലാന്റേഷൻ സബ്സിഡിയും രണ്ടര വർഷമായി മുടങ്ങിയിരുന്ന സ്പെഷ്യല്‍ സ്കീമുകളും ഇനി മുടങ്ങില്ല. കഴിഞ്ഞവർഷത്തെ ബജറ്റിലെ വിഹിതമായ 268 കോടി, റബ്ബർ ബോർഡിന് ഘട്ടംഘട്ടമായി ലഭിച്ചുവരുന്നുണ്ട്. ടാപ്പിങ് ഷെയ്ഡ്, കുമിള്‍നാശിനി, റെയിൻ ഗാർഡിങ്, മരുന്നുതളിക്കല്‍ തുടങ്ങിയവയ്ക്കായി റബ്ബർ ഉത്പാദക സംഘങ്ങള്‍ (ആർ.പി.എസ്.) മുഖേന നല്‍കുന്നവയാണ് സ്പെഷ്യല്‍ സ്കീമുകള്‍. 4000-5000 രൂപയാണ് ഇതിൻപ്രകാരം നല്‍കിവന്നിരുന്നത്.
Read more…..
വർഷങ്ങളായി വിലക്കുറവ് മൂലം നട്ടംതിരിയുന്ന കർഷകർക്ക് പുതിയ തീരുമാനം ആശ്വാസകരമാണ്. ഇതുമൂലം കർഷകർ റബ്ബർ കൃഷി ഉപേക്ഷിക്കുന്നത് ഒരു പരിധിവരെ തടയാനുമാവും. തോട്ടങ്ങള്‍ വ്യാപകമായി വെട്ടിവെളുപ്പിക്കുന്നതിനും തരിശിടുന്നതിനും അതുമൂലമുണ്ടാകുന്ന പരിസ്ഥിതിനാശം ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.
 
കർഷകർക്ക് പ്രോത്സാഹനജനകം
റബ്ബർ കൃഷി വർധിപ്പിക്കാനും കർഷകരെ പ്രോത്സാഹിപ്പിക്കാനുമുള്ള തീരുമാനങ്ങളാണ് എക്കാലവും റബ്ബർ ബോർഡ് സ്വീകരിച്ചുവരുന്നത്. സബ്സിഡി 40,000 രൂപയാക്കി ഉയർത്തുന്നത് അതിന്റെ ഭാഗമാണ്. റബ്ബർകൃഷി വ്യാപകമായുള്ള കേരളത്തെ സംബന്ധിച്ച്‌ പുതിയ തീരുമാനം ഏറ്റവും പ്രയോജനകരമാവും- ഡോ. സാവാർ ധനാനിയ, ചെയർമാൻ, റബ്ബർ ബോർഡ് ഓഫ് ഇന്ത്യ.