ആപ്പിള്‍ അധികം നേരം മുറിച്ച് പുറത്ത് വെക്കാറില്ല. കാരണം, മുറിച്ച് കഴിഞ്ഞാല്‍ പെട്ടെന്ന് തന്നെ ആപ്പിളിന്റെ നിറം മാറുന്നത് കാണാറുണ്ട്. ഇത്തരത്തില്‍ നിറം മങ്ങിയ ആപ്പിള്‍ കഴിക്കാനും അത്ര രുചികരവുമല്ല. എന്നാല്‍ ആപ്പിള്‍ മുറിച്ചാലും ഇതിന്റെ നിറം മങ്ങാതെ സൂക്ഷിക്കാന്‍ ചില വഴികളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
കഴുകുക
ആപ്പിള്‍ മുറിച്ച് കഴിഞ്ഞാല്‍ ഉടനെത്തന്നെ കഴുകി എടുക്കുക. നല്ല തണുത്ത വെള്ളത്തില്‍ കഴുകി എടുത്താല്‍ അത്രയും നല്ലതാണ്. ഇത് എന്‍സൈംസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ഇത് വായുവുമായി പ്രവര്‍ത്തിച്ച് നിറം മാറാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ, ആപ്പിള്‍ കുറേ നേരത്തേക്ക് നല്ല ഫ്രഷ് ആയി ഇരിക്കുന്നതിനും ഇത് സഹായിക്കുന്നു.
ഉപ്പ് വെള്ളം
പുറത്ത് നിന്നും വാങ്ങിക്കുന്ന പച്ചക്കറികള്‍ അല്ലെങ്കില്‍ പഴ വര്‍ഗ്ഗങ്ങള്‍ ഉപ്പ് വെള്ളത്തില്‍ മുക്കി വെക്കാറുണ്ട്. ഇതില്‍ നിന്നുള്ള വിഷങ്ങളും ബാക്ടീരിയകളും പോകുന്നതിന് വേണ്ടിയാണ് ഉപ്പ്വെള്ളത്തില്‍ മുക്കി വെക്കുന്നത്. അതുപോലെ തന്നെ, ആപ്പിള്‍ വാങ്ങിയാലും ആദ്യം തന്നെ നല്ല ഉപ്പ് വെള്ളത്തില്‍ കുറച്ച് നേരം മുക്കി വെച്ചതിന് ശേഷം കഴുകി എടുക്കുക.
ആപ്പിള്‍ മുറിച്ചതിന് ശേഷം ഒരു പാത്രത്തില്‍ കുറച്ച് തണുത്തവെള്ളം എടുത്ത് കുറച്ച് ഉപ്പിട്ട് വെക്കണം. ഇതിലേയ്ക്ക് ആപ്പിള്‍ മുറിച്ചത് ഇട്ട് നന്നായി തുടച്ച് എടുത്ത് വെക്കുക. ഇത് നല്ല എയര്‍ കടക്കാത്ത ഒരു കവറില്‍ ആക്കി അടച്ച് വെക്കാവുന്നതാണ്.
തേന്‍
ചെറു ചൂടുവെള്ളത്തിലേയ്ക്ക് കുറച്ച് തേന്‍ ചേര്‍ക്കുക. ഇതിലേയ്ക്ക് മുറിച്ച് വെച്ചിരിക്കുന്ന ആപ്പിള്‍ ചേർക്കുക, രണ്ട് മൂന്ന് മിനിറ്റ് ആപ്പിള്‍ ഈ വെള്ളത്തില്‍ കിടന്നതിന് ശേഷം തുടച്ച് എടുക്കാവുന്നതാണ്. ശേഷം ഒരു കവറിലോ പാത്രത്തിലോ സൂക്ഷിക്കാം. ആപ്പിള്‍ കുറേ നേരത്തേക്ക് നിറം മങ്ങാതെ നിലനില്ക്കാന് ഇത് സഹായിക്കും.
നാരങ്ങാനീര്
ഒരു പാത്രത്തില്‍ ചെറുചൂടുവെള്ളം എടുത്ത് ഇതിലേയ്ക്ക് കുറച്ച് തേനും നാരങ്ങാനീരും ചേര്‍ക്കുക.
ഇതിലേയ്ക്ക് മുറിച്ച് വെച്ചിരിക്കുന്ന ആപ്പിള്‍ ചേര്‍ക്കണം. കുറച്ച് സമയം ആപ്പിള്‍ ഇതില്‍ മുങ്ങികിടന്നതിന് ശേഷം എടുത്ത് തുടച്ച് ഒരു പാത്രത്തില്‍ എയര്‍ കടക്കാത്ത വിധത്തില്‍ അടച്ച് വെക്കാവുന്നതാണ്.
ഫ്രിഡ്ജ്
വീട്ടില്‍ ഫ്രിഡ്ജ് ഉണ്ടെങ്കില്‍ അതില്‍ നുറുക്കിയ ആപ്പിള്‍ വെച്ച് മൂടി വെക്കുന്നതും ആപ്പിളിന്റെ നിറം മങ്ങാതിരിക്കാന്‍ ഇത് സഹായിക്കും. അല്ലെങ്കില്‍ എന്തെങ്കിലും ഫുഡ് തയ്യാറാക്കാനാണ് ആപ്പിള്‍ നുറുക്കുന്നതെങ്കില്‍ ആപ്പിള്‍ നുറുക്കിയതിന് ശേഷം ഐസ് വെള്ളത്തില്‍ ഇട്ട് വെക്കുന്നതും നിറം മങ്ങാതിരിക്കാന്‍ സഹായിക്കുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക