ഗസ്സ: ഇസ്രായേലി ബന്ദികളുടെ മോചനത്തിനും സമ്പൂർണ വെടിനിർത്തലിനുമായി 45 ദിവസം വീതമുള്ള മൂന്നുഘട്ട പദ്ധതിയുമായി ഹമാസ്. മധ്യസ്ഥരായ ഖത്തറും ഈജിപ്തും മുന്നോട്ടുവെച്ച വെടിനിർത്തൽ പദ്ധതിക്ക് മറുപടിയായാണ് ഹമാസിന്റെ നിർദേശം.
45 ദിവസം നീളുന്ന മൂന്ന് ഘട്ടങ്ങളാണ് നിർദേശത്തിലുള്ളത്. ഈ ഘട്ടങ്ങളിൽ ഇരുകൂട്ടരും സൈനിക പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തും. ഇതോടൊപ്പം തടവുകാരെയും മറ്റും കൈമാറും.
ആദ്യഘട്ടത്തിൽ 1500 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കണം. ഇതിന് പകരമായി ഹമാസ് തടവിലാക്കിയ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും രോഗികളെയും മോചിപ്പിക്കും. കൂടാതെ 500ൽ കുറയാത്ത സഹായ ട്രക്കുകളുടെ പ്രവേശനം, കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ തിരിച്ചുവരവ്, ഗസ്സയിലുടനീളം സ്വതന്ത്രമായ സഞ്ചാരം എന്നിവയും നിർദേശത്തിലുണ്ട്. ഇതോടൊപ്പം 60,000 താൽക്കാലിക വീടുകളും 200,000 ടെൻ്റുകളും കൊണ്ടുവരാൻ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു.
വെടിനിർത്തൽ കാലയളവിനിടെ അവശേഷിക്കുന്ന മുഴുവൻ ബന്ദികളെയും ഹമാസ് കൈമാറും. അവസാന ബന്ദിയെയും കൈമാറിയാൽ ഇസ്രായേൽ സൈന്യം പൂർണമായി ഗസ്സയിൽനിന്ന് പിന്മാറണം. ഇതിനുശേഷം ആക്രമണം ഉണ്ടാകില്ലെന്ന് മധ്യസ്ഥർക്കുപുറമെ അമേരിക്ക, തുർക്കിയ, റഷ്യ എന്നീ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ഉറപ്പുനൽകണമെന്നും ഹമാസ് ആവശ്യപ്പെടുന്നു.
രണ്ടാംഘട്ടത്തിൽ മുഴുവൻ പുരുഷ ബന്ദികളെയും വിട്ടയക്കും. മൂന്നാംഘട്ടത്തിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേലികളുടെ മൃതദേഹം വിട്ടുനൽകും. ഇതോടെ സമ്പൂർണ വെടിനിർത്തൽ നിലവിൽ വരുമെന്നും ഹമാസിന്റെ നിർദേശത്തിൽ പറയുന്നു.
നിർദേശത്തോട് ഇസ്രായേലിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല. തെൽഅവീവ് സന്ദർശനം നടത്തുന്ന യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായും യുദ്ധ മന്ത്രിസഭയുമായും വിഷയം ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്.
അതേസയം, അടിയന്തര വെടിനിർത്തൽ വേണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ബന്ദികളെ നിരുപാധികം വിട്ടയക്കണമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ