ന്യൂഡല്‍ഹി: അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് നമ്മുടെ രാജ്യത്തിന്റെ ഭൂമി ശത്രുക്കള്‍ക്ക് അടിയറ വയ്ക്കാന്‍ ശ്രമിച്ചെന്നും ഉത്തരേന്ത്യ എന്നും ദക്ഷിണേന്ത്യ എന്നുമുള്ള വിഭാഗീയത സൃഷ്ടിക്കാന്‍ നോക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.
രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് ബുധനാഴ്ച പ്രധാനമന്ത്രി ഗൗരവമുള്ള ഈ ആക്ഷേപങ്ങള്‍ ഉന്നയിച്ചത്. ഉത്തരേന്ത്യ-ദക്ഷിണേന്ത്യ എന്ന വിഭജന വാദം ഉയര്‍ത്തി രാജ്യത്തെ പിളര്‍ക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് എന്നും മോദി കുറ്റപ്പെടുത്തി.
തങ്ങള്‍ക്ക് 400 സീറ്റിനപ്പുറം കിട്ടുമെന്ന തന്റെ പ്രസംഗത്തെ കളിയാക്കിയ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയെ മോദി ഒന്നു തോണ്ടുകയും ചെയ്തു. കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞ കാര്യം മോദി ഓര്‍മ്മപ്പെടുത്തി. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 സീറ്റ് കടക്കില്ലെന്നാണ് മമത പറഞ്ഞത്.
തിങ്കളാഴ്ച ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചക്കുള്ള മറുപടിയിലാണ് ദേശീയ ജനാധിപത സഖ്യം നാന്നൂറിലേറെ സീറ്റ് നേടുമെന്ന് മോദി പറഞ്ഞത്. ബി.ജെ.പിക്കു മാത്രം 370 സീറ്റ് കിട്ടുമെന്നും മോദി അവകാശപ്പെട്ടിരുന്നു.
അതിനിടെ, പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 10 വരെ നീട്ടി. 2014 നുമുമ്പു വരെ, കോണ്‍ഗ്രസ് ഭരിച്ചപ്പോഴുള്ള രാജ്യത്തെ സാമ്പത്തിക സ്ഥിതിയെപ്പറ്റി ധവളപത്രം അവതരിപ്പിക്കുന്നതിനുവേണ്ടിയാണ് ബജറ്റ് സമ്മേളനം നീട്ടിയത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക