തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന മാസപ്പടി ആരോപണത്തിൽ വ്യവസായ വികസന കോർപറേഷന്റെ ഓഫിസിൽ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) അന്വേഷണം. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ 3 അംഗ സംഘമാണ് ഓഫിസിൽ പരിശോധന നടത്തിയത്.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ കെഎസ്ഐഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ട്. സിഎംആർഎലിൽ 13.4% ഓഹരികളാണ് കെഎസ്ഐഡിസിക്കുള്ളത്. വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസ് വാദിക്കാൻ മുതിർന്ന സുപ്രീംകോടതി അഭിഭാഷകനെ കെഎസ്ഐഡിസി ചുമതലപ്പെടുത്തിയിരുന്നു.
വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനമാണ്കെ എസ്ഐഡിസി.എസ്എഫ്ഐഒ. ഡപ്യൂട്ടി ഡയറക്ടർ എം.അരുൺ പ്രസാദിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ ദിവസം എറണാകുളത്തെ ആദായ നികുതി വകുപ്പ് ആസ്ഥാനം സന്ദർശിച്ച് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. കമ്പനികളുടെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ചതാണ് എസ്എഫ്ഐഒ.
ജനുവരി അവസാനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയുടെ ദൂരൂഹമായ ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന എസ്എഫ്ഐഒയെ ചുമതലപ്പെടുത്തിയത്. വീണയുടെ കമ്പനിയായ എക്സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, സിഎംആർഎലിൽ ഓഹരി പങ്കാളിത്തമുള്ള കെഎസ്ഐഡിസി എന്നിവയ്ക്കെതിരെയാണ് അന്വേഷണം.
ഒരു സേവനവും ലഭ്യമാക്കാതെ എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെന്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. ആറ് ഉന്നത ഉദ്യോഗസ്ഥരെയാണ് എസ്എഫ്ഐഒ അന്വേഷണത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. 8 മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. ബെംഗളൂരു റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) നൽകിയ റിപ്പോര്‍ട്ടിൽ ഗുരുതരമായ ക്രമക്കേട് വ്യക്തമായിരുന്നു.
അന്വേഷണം എസ്ഐഒയ്ക്ക് വിടണം എന്നാവശ്യപ്പെട്ട് ഷോൺ ജോർജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി ഈ മാസം 12ന് പരിഗണിക്കാൻ ഇരിക്കെയാണ് അന്വേഷണം എസ്എഫ്ഐഒയ്ക്ക് കൈമാറിയത്.റെയ്ഡിനും അറസ്റ്റിനും എസ്എഫ്ഐഒയ്ക്ക് അധികാരമുണ്ട്. അന്വേഷണത്തിന് വിവിധ ഏജൻസികളുടെ സഹായം തേടാം.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ