ആരോഗ്യമുള്ളതും കരുത്തുറ്റതും മനോഹരവുമായ മുടി വേണമെങ്കില്‍ മുടി രാത്രിയിലും സംരക്ഷിക്കേണ്ടതുണ്ട്. എന്നാൽ, മിക്ക ആളുകളും രാത്രിയില്‍ മുടിക്ക് വലിയ പ്രാധാന്യം നല്‍കാറില്ല.
മനസ്സിനും ശരീരത്തിനും എന്നപോലെ തന്നെ മുടിക്കും നവോന്മേഷം ലഭിക്കാനുള്ള സമയമാണ് രാത്രി. അതിനാല്‍, നിങ്ങളുടെ മുടി സംരക്ഷിക്കാനായി രാത്രിയിലും ചില നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും മുടി മികച്ചതായി വളരാനും സഹായിക്കുന്ന ചില രാത്രികാല മുടി സംരക്ഷണ വഴികള്‍ ഇതാ.
തല നന്നായി മസാജ് ചെയ്യുക
ആരോഗ്യമുള്ള മുടി ലഭിക്കണമെങ്കില്‍ ദിവസവും തലയോട്ടിയും മുടിയും മസാജ് ചെയ്യണം. രാത്രി ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് രണ്ടോ അഞ്ചോ മിനിറ്റ് നേരം നിങ്ങളുടെ തല മൃദുവായി മസാജ് ചെയ്യുക. ഇത് രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. തല മസാജ് ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുക മാത്രമല്ല, മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍, രാത്രിയില്‍ തല മസാജ് ചെയ്യുന്നത് മുടി സംരക്ഷണത്തിന്റെ ഭാഗമാക്കണം.
ഹെയര്‍ ഓയില്‍ ഉപയോഗം
പരുക്കനായതും വരണ്ടതുമായ മുടിയാണ് പ്രശ്നമെങ്കില്‍ രാത്രിയില്‍ മുടിക്ക് നിര്‍ബന്ധമായും ഹെയര്‍ ഓയില്‍ തേക്കണം. നമ്മുടെ ചര്‍മ്മം പോലെതന്നെ നമ്മുടെ മുടിയും രാത്രിയില്‍ സ്വയം മെച്ചപ്പെടുന്നു. രാത്രി ഹെയര്‍ ഓയില്‍ ട്രീറ്റ്മെന്റ് ചെയ്യുന്നത് വരണ്ട മുടി, അറ്റം പിളരല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു. നല്ലൊരു ഗുണനിലവാരമുള്ള ഹെയര്‍ ഓയില്‍ എടുത്ത് തലയോട്ടിയില്‍ പുരട്ടി മൃദുവായി മസാജ് ചെയ്യുക. കൂടാതെ. മുടിയുടെ അറ്റത്തും എണ്ണ പുരട്ടാന്‍ മറക്കരുത്.
നനഞ്ഞ മുടിയോടെ ഉറങ്ങരുത്
മുടി നനഞ്ഞിരിക്കുമ്പോള്‍ മുടിക്ക് പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് നനഞ്ഞ മുടി ചീകരുതെന്ന് പറയുന്നത്. മുടി സംരക്ഷിക്കാനായി രാത്രിയില്‍ മുടി കഴുകുന്നത് ഒഴിവാക്കുക. കാരണം ഇത് മുടിക്ക് കേടുപാടുകള്‍ വരുത്തും.
കട്ടന്‍ ചായ തേക്കുക
മുടി നന്നാക്കാനായി ചെയ്യാവുന്ന മികച്ചൊരു വഴിയാണ് ഇത്. ഒരു കപ്പ് കട്ടന്‍ ചായ ഉണ്ടാക്കി കുറച്ച് മണിക്കൂര്‍ വയ്ക്കുക. ഇത് ഒരു സ്‌പ്രേ ബോട്ടിലിലേക്ക് ഒഴിച്ച് മുടിയില്‍ സ്‌പ്രേ ചെയ്യുക. രാത്രി മുഴുവന്‍ മുടി കെട്ടിവച്ച് ഉറങ്ങുക. ഇത് മുടിക്ക് കറുപ്പ് നിറം നല്‍കുകയും മുടിയെ ശക്തമാക്കുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും മുടിക്ക് തിളക്കവും മൃദുത്വവും നല്‍കുകയും ചെയ്യും.
മുടി മുറുക്കി കെട്ടിവയ്ക്കരുത്
ഉറങ്ങുമ്പോള്‍ മുടി കെട്ടിവയ്ക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. മുടി ആരോഗ്യത്തോടെയും കരുത്തോടെയും ഇരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ രാത്രിയില്‍ മുടി മുറുക്കി കെട്ടിവയ്ക്കാതിരിക്കുക. മുടി മുറുക്കി കെട്ടിവയ്ക്കുന്നത് മുടിക്ക് കേടുപാടുകള്‍ വരുത്തുകയും മുടി പിളരുകയും ചെയ്യുന്നു. ഒടുവില്‍ ഇത് മുടി പൊട്ടുന്നതിലേക്ക് നയിക്കുന്നു. അതിനാല്‍ രാത്രിയില്‍ മുടി മുറുകെ കെട്ടി വയ്ക്കുന്നത് ഒഴിവാക്കുക.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ