വീട്ടിലിരിക്കുമ്പോൾ മാത്രം ഇടയ്ക്കിടെ എന്തെങ്കിലും കഴിക്കണമെന്ന തോന്നൽ പലർക്കും ഉണ്ടാകാറുണ്ട്. എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കാമെന്ന തോന്നൽ എപ്പോഴുമുണ്ടാകും. വയർ നിറയെ ഭക്ഷണം കഴിച്ചതിനു ശേഷവും എന്തെങ്കിലും കഴിക്കണമെന്ന ആഗ്രഹം ഉണ്ടാകും. അനഗ്നെ വീട്ടിലിരിക്കുന്നതിനാൽ എപ്പോഴും കഴിച്ചു കൊണ്ടിരുന്നാൽ ആരോഗ്യത്തിനു പ്രത്യാഘാതങ്ങളുണ്ടാകും.
ഇടയ്ക്കിടെയുള്ള വിശപ്പ് നിയന്ത്രിക്കാൻ എന്തെല്ലാം ചെയ്യാം?
പ്രോട്ടീൻ ഭക്ഷണങ്ങൾ
ഏറെ നേരം വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾക്ക് കഴിയും. കൂടുതൽ കാലറി ഉള്ളിൽ ചെല്ലാതെ നോക്കാനും വിശപ്പ് നിയന്ത്രിക്കാനും ഇതു മൂലം കഴിയും. മുട്ട, തൈര്, സീഡ്സ്, പരിപ്പ് വർഗങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
നാരുകൾ
പയർ കടല, പരിപ്പ്, ഓറഞ്ച് തുടങ്ങിയവ വിശപ്പു നിയന്ത്രിക്കാൻ സഹായിക്കും. നാരുകൾ അടങ്ങിയ ഭക്ഷണം ദഹനത്തിനു സഹായിക്കും.
ലഘുഭക്ഷണം
വിശപ്പ് തോന്നുമ്പോൾ ജങ്ക് ഫുഡുകൾ കഴിക്കാതെ ആരോഗ്യകരമായവ തിരഞ്ഞെടുക്കാം. വറുത്തതും എണ്ണമയം അടങ്ങിയതുമായ ഭക്ഷണത്തിനു പകരം ആവിയിൽ വേവിച്ച ഭക്ഷണം കഴിക്കാം. പഴങ്ങൾ, തൈര്, പഴച്ചാറുകൾ ഇവയും ആരോഗ്യകരം തന്നെ.
ധാരാളം വെള്ളം കുടിക്കാം
വിശപ്പ് അടക്കാൻ ഇടയ്ക്കിടെ വെള്ളം കുടിക്കാം. ചർമത്തിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ജലാംശം ധാരാളം ശരീരത്തിൽ ചെല്ലുമ്പോൾ ഭക്ഷണം അധികം കഴിക്കണമെന്ന തോന്നലും ഉണ്ടാകില്ല. മധുര പാനീയങ്ങൾ ഒഴിവാക്കുകയും വേണം. ദിവസവും 7-8 ഗ്ലാസ് വെള്ളം കുടിക്കണം.
പ്രാതൽ
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ഫാസ്റ്റ്. ചെറുതായി എന്തെങ്കിലും രാവിലെ കഴിച്ചാൽ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽത്തന്നെ വിശക്കും. ഇത് അനാവശ്യമായി എന്തെങ്കിലും കൊറിക്കുന്നതിലേക്ക് നയിക്കും. എന്നാൽ ശരിയായ അളവിൽ പോഷക സമ്പുഷ്ടമായ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഉച്ച വരെ വയറു നിറഞ്ഞെന്ന തോന്നൽ ഉണ്ടാക്കും. ഇടയ്ക്കിടെ കൊറിക്കുന്ന ശീലവും കുറയും.
ച്യുയിങ്ഗം
ച്യുയിങ്ഗം ചവയ്ക്കുന്നത് എന്തെങ്കിലും ഇടയ്ക്കിടെ കഴിക്കാനുള്ള തോന്നൽ ഇല്ലാതാക്കും. ഇത് അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ തടയും.