അവധിക്കാലം യാത്രകളുടെ കൂടി കാലമായി ഇന്ന് മാറിക്കഴിഞ്ഞു. വെറുമൊരു സൈറ്റ് സീയിങ്ങിനപ്പുറം അഡ്വഞ്ചർ ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നവരാണ് ഇന്ന് അധികവും. സാധാരണ കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പുതുമ ഓരോ ട്രിപ്പിലും കണ്ടെത്താൻ ശ്രമിക്കുന്നവരും കുറവല്ല. അതുകൊണ്ടുതന്നെ പതിവ് ലൊക്കേഷനുകളിൽ നിന്നും വിട്ടുമാറി പുതിയ ഇടങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നവരും ധാരാളമാണ്. അത്തരത്തിൽ ഈ അടുത്ത കാലത്ത് കോഴിക്കോടുകാരുടെ ഇഷ്ടപട്ടികയിൽ ഇടം നേടിയ ഒരു സ്ഥലമുണ്ട്, പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ നിലകൊള്ളുന്ന ആനക്കാംപൊയിൽ.
അധികം സഞ്ചാരികൾ എത്താത്ത ആനക്കാംപൊയിൽ തേടി ഇന്ന് നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും മികച്ച അവധിക്കാല വിനോദസഞ്ചാര കേന്ദ്രമാകാൻ സാധ്യതയുള്ള ഇടമാണിത്. എന്നാൽ വേണ്ടത്ര പുരോഗതി ഇവിടെ ഉണ്ടായിട്ടില്ല. എന്നിരുന്നാലും ഇവിടേക്ക് നിരവധി സഞ്ചാരികളാണ് ഇന്നെത്തുന്നത്.
തിരക്കേറിയ നഗരത്തിൽ നിന്നും ശാന്തത തേടുന്നവർക്ക് ഇത് മികച്ച ഓപ്ഷനാണ്. ജില്ലയിലെ തിരുവമ്പാട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന മലയോര ഗ്രാമമാണ് ആനക്കാംപൊയിൽ. പശ്ചിമഘട്ട മലനിരകളുടെ പടിഞ്ഞാറ് ഭാഗത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വടക്ക് നീലിമലയും കിഴക്ക് വെള്ളരിമലയും തെക്ക് മരുതും കോട്ട് മലയും ചുറ്റി നിൽക്കുന്ന ഇടമാണിത്.
സഞ്ചാരികളിൽ അധികം ആളുകളും എത്തുന്നത് അരിപ്പാറ വെള്ളച്ചാട്ടം തേടിയാണ്. തിരുവമ്പാടി ടൗണിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇരുവഞ്ഞിപ്പുഴയുടെ കൈവഴിയാണ് ഈ വെള്ളച്ചാട്ടം എന്നതും പ്രത്യേകതയാണ്. തിരുവമ്പാടി പഞ്ചായത്തിലും വയനാട് ജില്ലയുടെ മേപ്പാടി പഞ്ചായത്തിലുമായി വ്യാപിച്ച് കിടക്കുന്ന മലനിരയാണ് വെള്ളരിമല മലനിരകൾ. ട്രക്കിംഗ്, റോക്ക് ക്ലൈംബിംഗ്, വന്യ ജീവി സങ്കേതത്തിലേക്കുള്ള യാത്ര എന്നിവ ഇവിടെ സാധ്യമാണ്. ആനക്കാംപൊയിലിനോട് ചേർന്നാണ് വെള്ളരിമലയുടെ സ്ഥാനം. കോഴിക്കോട് നിന്നും കെഎസ്ആർടിസി ബസിൽ ഇവിടേക്ക് എത്താം.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ