തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സപ്ലൈകോയെ പരിഗണിക്കാത്തതിൽ അതൃപ്തിയുമായി ഭക്ഷ്യ മന്ത്രി ജിആർ അനില്‍. ബജറ്റിൽ സപ്ലൈകോയെ കാര്യമായി പരിഗണിച്ചില്ല. കുടിശിക തീർക്കാൻ സഹായവും ഉണ്ടായിരുന്നില്ല.
സപ്ലൈകോയ്‌ക്ക് പണം ഇല്ലാത്തതിലും കുടിശിക തീർക്കാൻ സഹായം അനുവദിക്കാത്തതിലുമാണ് അനിലിന്റെ പ്രതിഷേധം. ഇത് പരസ്യമാക്കി ബജറ്റ് അവതരണത്തിനു ശേഷം ധനമന്ത്രി കെ.എൻ.ബാലഗോപാലിന് കൈ കൊടുക്കാൻ ജി.ആർ.അനിൽ വിസമ്മതിച്ചു. തുക വകയിരുത്താത്തതിലെ അതൃപ്തി ധനമന്ത്രിയെ അറിയിക്കാനാണു ഭക്ഷ്യമന്ത്രിയുടെ നീക്കം.
പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്ന് പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉറച്ച കാൽവെപ്പാണ് സംസ്ഥാന സർക്കാരിൻറെ 2024 -25 സാമ്പത്തിക വർഷത്തെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയതു പോലെ, അതിവേഗം നവീകരിക്കപ്പെടുന്ന കേരളത്തിൻറെ മുന്നോട്ടുള്ള യാത്രയ്ക്കായുള്ള വിപുലമായ പരിപാടിയുടെ അവതരണമാണ് ഈ ബജറ്റ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിൻറെ ശത്രുതാപരമായ സമീപനം മൂലം സംസ്ഥാനം നേരിടുന്ന ഞെരുക്കം നിലനിൽക്കുമ്പോഴും ജനങ്ങൾക്കുവേണ്ടിയുള്ള വികസന – ക്ഷേമ പ്രവർത്തനങ്ങളിൽ കുറവുവരാതിരിക്കാൻ ബജറ്റിൽ ശ്രദ്ധിച്ചിട്ടുണ്ട്. പുതിയ കാലത്തിൻറെ വെല്ലുവിളികൾ അതിജീവിക്കാൻ സംസ്ഥാനത്തിൻറെ സാധ്യതകളാകെ ഉപയോഗിക്കാനും വ്യത്യസ്തവും വേഗമേറിയതുമായ രീതികൾ അവലംബിക്കാനുമാണ് ബജറ്റ് ശ്രമിക്കുന്നത്. നാടിന് അർഹമായത് നേടിയെടുക്കാനുള്ള യോജിച്ച മുന്നേറ്റത്തിൻറെ പ്രാധാന്യത്തിനും ബജറ്റ് അടിവരയിടുന്നു എന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















