തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് നിരവധിപേരെ ഇടിച്ചു. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. നെയ്യാറ്റിൻകര ബസ്റ്റാൻ്റില്‍ ബസ് കാത്ത് നിന്നവർക്ക് നേരെ ബസ് പാഞ്ഞ് കയറിയാണ് അപകടമുണ്ടായത്.
നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ രണ്ടുവയസായ കുഞ്ഞും ഉണ്ട്. ചെങ്കല്‍ സ്വദേശി ലതകുമാരി 48 മഞ്ചവിളാകം സ്വദേശികളായ സൂര്യ 26, ശ്രീകല 51, ആദിത്യ 23 മകൻ അധർവ്വ് 2 വയസ്, നിലമാമൂട് സ്വദേശി ശാന്തി 45 എന്നിവർക്കാണ് പരുക്കേറ്റത്. ഇതില്‍ രണ്ടു പേരുടെ കാലിന് ഗുരുതരമായി പരുക്കേറ്റു.
തിങ്കളാഴ്ച വൈകുന്നേരം 3.45 ഓടെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലായിരുന്നു അപകടം. ഈ സമയം ബസ് കയറാനായി നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. യാത്രക്കാരെ കയറ്റാനായി ഗ്യാരേജില്‍ നിന്നും എടുത്ത ബസാണ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറിയത്. പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന് സ്ഥാപിച്ച കോണ്‍ക്രീറ്റിന്റെ സ്പീഡ് ബ്രേക്കറില്‍ ഇടിച്ച് യാത്രക്കാര്‍ക്കിടയിലേയ്ക്ക് കയറുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാഞ്ഞെത്തുന്നത് കണ്ട യാത്രക്കാരില്‍ ചിലര്‍ പുറകിലേയ്ക്ക് മറിഞ്ഞു വീണു. കോണ്‍ക്രീറ്റ് ബഞ്ചില്‍ ഇരിക്കുകയായിരുന്ന യാത്രക്കാര്‍ക്കിടയിലേയ്ക്ക് ബസ് കയറി നിന്നു. ഇവിടെ ഇരിക്കുകയായിരുന്ന യാത്രക്കാര്‍ക്കും പരുക്കേറ്റു. പരുക്കേറ്റവരെ നെയ്യാറ്റിൻകര ആശുപത്രിയില്‍ പ്രവേശിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















