തിരുവനന്തപുരം: എല്ലാവരെയും സന്തോഷിപ്പിക്കുന്ന ബജറ്റ് അവതരിപ്പിക്കാനാണ് ശ്രമിക്കുക എന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സാധാരണക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അവരെ ആശങ്കപ്പെടുത്താത്ത ബജറ്റിനാണ് രൂപം നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിക്കിടെയും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു. ബജറ്റിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു ധനമന്ത്രി.
തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി. വിഴിഞ്ഞത്ത് എല്ലാ അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായെന്ന് ധനമന്ത്രി. വികസന കവാടമാണ് വിഴിഞ്ഞമെന്നും ഔട്ടര്‍ റിങ് റോഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി അറിയിച്ചു. ടൂറിസം, വ്യവസായം, തുറമുഖം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. മൂന്ന് വര്‍ഷത്തിനകം മൂന്ന് ലക്ഷം കോടിയുടെ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി. മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് ധനമന്ത്രി.
വിഴിഞ്ഞം തുറമുഖം മേയ് മാസത്തില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വിഴിഞ്ഞം അനന്തസാധ്യതകള്‍ തുറക്കും.കൊച്ചിയിലെ സാധ്യതയും വിപുലീകരിക്കും. 500 കോടി കൊച്ചിൻ ഷിപ്പ്‍യാര്‍ഡിനായി വകയിരുത്തും. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 5000 കോടി രൂപ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ദേശീയപാത 66 ൻ്റെ വികസനം പുരോഗമിക്കുന്നു. ദേശീയപാത വികസനം 10 വർഷം മുമ്പ് സ്വപ്നം പോലും കാണാൻ കഴിയാത്ത പദ്ധതിയാണ്. അതിൽ മുഖ്യമന്ത്രി കേട്ട പഴിക്ക് കയ്യും കണക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിൽ നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടരും. ട്രെയിൻ യാത്രക്കാർ ദുരിതത്തിലാണ്. കേരളത്തിലെ വികസനത്തിനൊപ്പം റെയിൽവെയ്ക്ക് ഓടി എത്താൻ കഴിയുന്നില്ല. കേരളത്തിലെ റെയിൽവേ വികസനം കേന്ദ്ര ബജറ്റിൽ അവഗണിച്ചുവെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
നാലുവര്‍ഷം കൊണ്ട് നികുതി വരുമാനം ഇരട്ടിയായി. സ്വപ്‌ന തുല്യമായ നേട്ടമാണിത്. ഈ നേട്ടത്തിന് നികുതി ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ഇനിയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ നികുതി വരുമാനം കൂട്ടാന്‍ കഴിയുമെന്നും ധനമന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ