തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം തുടങ്ങുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള ബജറ്റ് ആയതുകൊണ്ട് ജനകീയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. ക്ഷേമപെൻഷൻ വർധിപ്പിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന പ്രധാന ചോദ്യം. കടുത്ത ധനപ്രതിസന്ധി നിലനിൽക്കുന്നതുകൊണ്ട് അധിക വിഭവസമാഹരണത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കും.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ നാലാമത്തെ ബജറ്റാണ് കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്നത്. കടുത്ത ധനപ്രതിസന്ധിക്കിടെ അവതരിപ്പിക്കുന്ന ബജറ്റിൽ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന ആകാംക്ഷ ഏവർക്കുമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റായതുകൊണ്ട് ജനപ്രിയമാകാനാണ് സാധ്യത. ക്ഷേമപെൻഷൻ വർധനവ് ഉണ്ടാകുമോ എന്നതാണ് ബജറ്റിലെ ഹൈലൈറ്റ്. 100 രൂപയെങ്കിലും വർധിപ്പിക്കണമെന്നാവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. എന്നാൽ നിലവിൽ തന്നെ ആറു മാസത്തെ പെൻഷൻ കുടിശ്ശികയുണ്ട്. അത് കൊടുക്കാൻ ബുദ്ധിമുട്ടുന്ന പശ്ചാത്തലത്തിൽ വർധനവിനോട് ധനവകുപ്പിന് യോജിപ്പില്ല. മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
കുടിശ്ശികയുള്ളതിൽ രണ്ട് മാസത്തെയെങ്കിലും പെൻഷൻ ഉടൻ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം ബജറ്റിലുണ്ടായേക്കും. സർക്കാർ ജീവനക്കാരുടെ ഒന്നോ രണ്ടോ ഡി.എ കുടിശ്ശിക ബജറ്റിൽ അനുവദിക്കാൻ സാധ്യതയുണ്ട്. റബറിന്റെ താങ്ങുവില പത്ത് രൂപയോ ഇരുപത് രൂപയോ വർധിപ്പിച്ചേക്കും. നവകേരള സദസിൽ നിരവധി നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ പ്രായോഗികമായവ നടപ്പാക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. നെല്ലിന്റെയും തേങ്ങയുടേയും താങ്ങുവില വർധിപ്പിക്കുന്നതടക്കമുള്ള കർഷക അനുകൂല പ്രഖ്യാപനങ്ങളുണ്ടായേക്കും. കെട്ടിട നിർമാണ മേഖലയിലുണ്ടായ മാന്ദ്യം മറികടക്കാനാവശ്യമായ പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ