പലരും ഇഡ്ഡ്ലിയും ദോശയും ഉണ്ടാക്കുമ്പോൾ ചെറിയ പ്രശ്നങ്ങൾ നേരിടും. ചിലപ്പോൾ പുളിക്കില്ല ചിലപ്പോൾ ഇളകി വരില്ല അങ്ങനെ പ്രശ്നങ്ങൾ പലവിധമാണ്. എന്നാൽ ഒട്ടിപ്പിടിക്കാത്ത പൂവ് പോലത്തെ ഇഡ്ഡ്ലിയും, ദോശയും കിട്ടാൻ മാവ് കുതിർക്കുമ്പോൾ മുതൽ ശ്രദ്ധിക്കണം
അരി 60% , ഉഴുന്ന് 40% 4 മണിക്കുർ നേരം വെള്ളത്തിട്ട് വെച്ച ശേഷം വാരി പുറത്ത് എടുക്കുക.
അരിയും ഉഴുന്നും വെവ്വേറെ കുതിർക്കാനിട്ടു, ഇഡ്‌ഡലിയുടെയോ ദോശയുടെയോ പാകത്തിന് അരച്ചെടുത്ത് ഒരു രാത്രി മുഴുവൻ വച്ച് പുളിപ്പിച്ചെടുത്തതിന് ശേഷമാണ് സാധാരണയായി മാവ് തയാറാക്കിയെടുക്കുന്നത്.
ഒരു രാത്രി മുഴുവൻ എന്ന് പറയുമ്പോൾ ഏകദേശം ആറു മുതൽ എട്ട് മണിക്കൂർ വരെ കഴിയുമ്പോൾ അരച്ചു വച്ച മാവിൽ സ്വാഭാവികമായി ഫെർമെന്റേഷൻ നടക്കുകയും മാവ് പുളിക്കുകയും ചെയ്യും.
ദോശ അല്ലെങ്കിൽ ഇഡ്‌ഡലിയുടെ മാവ് ശരിയായ രീതിയിൽ പുളിച്ച് പൊങ്ങാൻ എത്ര സമയം വേണമെന്നതിനെ കുറിച്ച് ചിലർക്കെങ്കിലും ധാരണ കുറവായിരിക്കും. നല്ല പൂവ് പോലുള്ള ഇഡ്‌ഡലിയോ മൊരിഞ്ഞ ദോശയോ തയാറാക്കിയെടുക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.
മാവ് പുളിക്കാൻ എടുക്കുന്ന സമയമെന്നത് മിക്കപ്പോഴും അന്തരീക്ഷത്തിലെ താപനിലയെ ആശ്രയിച്ചിരിക്കുന്നു. ചൂട് കൂടുതലുള്ള കാലാവസ്ഥ ആണെങ്കിൽ ആറു മുതൽ എട്ടു മണിക്കൂറിനുള്ളിൽ നന്നായി പൊങ്ങി വരും.
എന്നാൽ താപനില കുറവുള്ള സമയമാണെങ്കിൽ ഈ സമയം 12 മണിക്കൂർ വരെയാകാനിടയുണ്ട്. അരച്ചുവച്ചതിനേക്കാൾ ഇരട്ടിയായിട്ടുണ്ട് മാവെങ്കിൽ നന്നായി പൊങ്ങിയിട്ടുണ്ടെന്നു മനസിലാക്കാം. മാത്രമല്ല, ഇഡ്‌ഡലിയോ ദോശയോ ഉണ്ടാക്കിയാലും രുചികരമായിരിക്കും.
ഫെർമെന്റേഷൻ എന്നതു കൊണ്ട് രുചികരമാകുന്നു എന്നുമാത്രമല്ല അർത്ഥമാക്കുന്നത് അതിന്റെ പോഷകഗുണങ്ങളും വർധിച്ചിട്ടുണ്ട് എന്നാണ്. കൂടുതൽ സമയം മാവ് പുളിക്കാൻ വയ്ക്കുമ്പോൾ പോഷകങ്ങളും വർധിക്കുന്നുവെന്നു സാരം.
ഫെർമെന്റേഷൻ നടക്കാൻ കൃത്യമായ ഒരു സമയം പറയുക എന്നത് സാധ്യമായ കാര്യമല്ല. കാലാവസ്ഥ, അതുപോലെ തന്നെ പുളിച്ചു പൊങ്ങുന്നതിനായി ഓരോരുത്തരും നൽകുന്ന സമയം എന്നിവയ്ക്ക് അനുസരിച്ചായിരിക്കും.
അതുകൊണ്ടുതന്നെ അടുത്ത തവണ ഇഡ്‌ലിയ്ക്കോ ദോശയ്ക്കോ അരിയും ഉഴുന്നും അരച്ചു വയ്ക്കുമ്പോൾ അന്തരീക്ഷത്തിലെ താപനിലയ്ക്കു അനുസരിച്ച് ഫെർമെന്റേഷന് സമയം നൽകണം. എങ്കിൽ മാത്രമേ, രുചികരവും അതേസമയം തന്നെ പോഷക സമ്പുഷ്ടവുമായ ഇഡ്‌ഡലി അല്ലെങ്കിൽ ദോശ തയാറാക്കിയെടുക്കാൻ കഴിയുകയുള്ളൂ.