തിരുവനന്തപുരം: തലസ്ഥാനത്തെ മെട്രോ പദ്ധതിയുടെ ഡി.പി.ആർ. (വിശദമായ പദ്ധതിരേഖ) തയ്യാറാക്കല്‍ അന്തിമഘട്ടത്തില്‍.ഡി.എം.ആർ.സി. (ഡല്‍ഹി മെട്രോ റെയില്‍ കോർപ്പറേഷൻ) ഡി.പി.ആറിന്റെ 95 ശതമാനവും പൂർത്തിയാക്കിയെന്ന് പദ്ധതിയുടെ നടത്തിപ്പുചുതലയുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആർ.എല്‍.) വൃത്തങ്ങള്‍ അറിയിച്ചു.
അടുത്തഘട്ട നടപടികള്‍ക്കായി ഡി.എം.ആർ.സി., കെ.എം.ആർ.എല്‍. അധികൃതരുടെ യോഗം വെള്ളിയാഴ്ച ചേരും. ഡി.പി.ആർ. സമർപ്പിക്കുന്നതിന് മുൻപ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ചർച്ചയാണ് യോഗത്തിലുണ്ടാവുകയെന്ന് കെ.എം.ആർ.എല്‍. മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.
മെട്രോയുടെ ഒന്നാംഘട്ട നിർമാണത്തിന്റെ ഡി.പി.ആർ. പൂർണമായതായാണ് സൂചന. രണ്ടാം ഘട്ടത്തിലെ വികസനത്തിന്റെ സാധ്യതകളുടെ പഠനമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതുകൂടി പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കകം മെട്രോയുടെ ഡി.പി.ആർ. കെ.എം.ആർ.എല്ലിന് സമർപ്പിക്കും. അതിനുശേഷം ഡി.പി.ആർ. സർക്കാരിന് നല്‍കും.
വ്യാഴാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ നഗരങ്ങളിലെ മെട്രോ പദ്ധതികള്‍ക്ക് പിന്തുണ ഉറപ്പാക്കുന്നുണ്ട്. തലസ്ഥാനത്തെ മെട്രോ പദ്ധതിക്കും കേന്ദ്ര പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൊച്ചി മെട്രോയുടെ മാതൃകയിലുള്ള മീഡിയം മെട്രോ പദ്ധതിയാണ് തലസ്ഥാനത്തും നടപ്പാക്കുന്നത്.
പള്ളിപ്പുറം മുതല്‍ പള്ളിച്ചല്‍ വരെയുള്ള ഒന്നാംഘട്ടവും കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ ഈഞ്ചയ്ക്കല്‍ വഴി കിള്ളിപ്പാലം വരെയുള്ള രണ്ടാം ഘട്ടവും ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ ലേസർ സർവേ നടത്തുന്നത്. എന്നാല്‍, ഇതില്‍ ഏത് പാതയിലാണ് ആദ്യഘട്ട നിർമാണം നടത്തേണ്ടതെന്നത് ഡി.പി.ആറില്‍ വ്യക്തത വരുത്തും.
ഡി.എം.ആർ.സി.ക്കായി മറ്റൊരു ഏജൻസിയാണ് സർവേ നടത്തുന്നത്. നഗരത്തിന്റെ പ്രധാന വീഥികളില്‍ ചിലയിടത്ത് ഭൂഗർഭപാത വേണമെന്ന നിർദേശം മെട്രോയ്ക്കായുള്ള ഓള്‍ട്ടർനേറ്റീവ് അനാലിസിസ് റിപ്പോർട്ടില്‍ പറയുന്നുണ്ട്. ഉയർന്നതും താഴ്ന്നതുമായ പ്രദേശങ്ങള്‍ ഉള്ള നഗരമായതിനാല്‍ ചിലയിടത്ത് ഭൂഗർഭപാത മാത്രമേ പ്രായോഗികമാകൂവെന്നും സൂചിപ്പിച്ചിട്ടുണ്ട്.
തലസ്ഥാനത്തെ കര-വ്യോമ-ജല ഗതാഗത മാർഗങ്ങളെ മെട്രോയുമായി ബന്ധപ്പെടുത്താവുന്ന തരത്തിലുള്ള സാധ്യതകള്‍ ഡി.പി.ആറില്‍ ഉള്‍പ്പെടുത്തും. അടുത്ത 30 വർഷത്തില്‍ നഗരത്തില്‍ വരാവുന്ന സാമൂഹിക, സാമ്ബത്തിക മാറ്റങ്ങളെക്കുറിച്ചും ഡി.പി.ആറില്‍ ഉള്‍പ്പെടുത്തും. പള്ളിപ്പുറം ടെക്‌നോസിറ്റി മുതല്‍ കരമന കൈമനം വഴി പള്ളിച്ചല്‍വരെ 27.4 കിലോമീറ്റർ ദൂരത്തിലാണ് നേരത്തെ ഒന്നാംഘട്ടം വിഭാവനം ചെയ്തിരുന്നത്. കഴക്കൂട്ടം, ടെക്‌നോപാർക്ക്, ലുലു മാള്‍, ചാക്ക, ഈഞ്ചയ്ക്കല്‍വഴി കിള്ളിപ്പാലംവരെ 14.7 കിലോമീറ്റർ രണ്ടാംഘട്ടത്തിലും നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം.
പള്ളിച്ചലില്‍നിന്ന് നെയ്യാറ്റിൻകരയിലേക്കും (11.1 കിലോമീറ്റർ), ടെക്‌നോസിറ്റി മുതല്‍ മംഗലപുരംവരെ (3.7 കിലോമീറ്റർ), ഈഞ്ചയ്ക്കല്‍ മുതല്‍ വിഴിഞ്ഞംവരെ (14.7 കിലോമീറ്റർ) മെട്രോ പദ്ധതി ഭാവിയിലും നടപ്പാക്കും.