കൊച്ചി: ഡ്രൈ ഡേയിൽ അനധികൃതമായി മദ്യ വില്പന നടത്താൻ ശ്രമിച്ച യുവാവിന് എട്ടിൻ്റെ പണി. വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ചയാളെ എറണാകുളം കുന്നത്തുനാടില്‍ എക്സൈസ് അറസ്റ്റ് ചെയ്തു. കൂവപ്പടി സ്വദേശി വിജേഷ് ആണ് എക്സൈസിന്റെ പിടിയിൽ ആയത്. ഡ്രൈ ഡേയിൽ വില്പന നടത്തുന്നതിനായി ബിവറേജസിൽ നിന്നും വാങ്ങി സൂക്ഷിച്ചിരുന്ന 12 ലിറ്റർ മദ്യം എക്സൈസ് സംഘം പ്രതിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു.
12 കുപ്പികളിലായി നിറച്ച ജവാൻ മദ്യമാണ് പിടികൂടിയത്. മദ്യം ലഭിക്കാത്ത ദിവസങ്ങളിൽ കൂടിയ വിലക്ക് വിൽപ്പന നടത്തുകയാണ് പ്രതിയുടെ പതിവ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിനെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.