ആലപ്പുഴ: രണ്‍ജീത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ വധശിക്ഷക്ക് വിധിച്ചതിനെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ മത, സാമുദായിക, രാഷ്ട്രീയ വിദ്വേഷം ഉളവാക്കുന്ന തരത്തിലും, കലാപം ഉണ്ടാക്കുന്ന തരത്തിലുമുള്ള ചിത്രങ്ങളും, പ്രസ്താവനകളും പോസ്റ്റുചെയ്ത 4 കേസ്സുകളിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡിൽ കുമ്പളത്തുവെളി വീട്ടിൽ നസീർ മോൻ (47), തിരുവനന്തപുരം മംഗലപുരം സക്കീർ മൻസിലിൽ റാഫി (38), ആലപ്പുഴ, പൊന്നാട് തേവരംശ്ശേരി നവാസ് നൈന (42), അമ്പലപ്പുഴ വടക്ക് വണ്ടാനം പുതുവൽ വീട്ടിൽ ഷാജഹാൻ (36) എന്നിവരാണ് അറസ്റ്റിലായത്.
സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള വിദ്വേഷ പോസ്റ്റുകൾ നടത്തുന്നവരെ കണ്ടെത്തുന്നതിന് സൈബർ പൊലീസ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടന്നും, ശ്രദ്ധയിൽ പെട്ടാൽ അവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
രൺജീത് വധക്കേസിലെ 15 പ്രതികൾക്കും മാവേലിക്കര അഡിഷനൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി വധശിക്ഷ വിധിച്ചിരുന്നു. കേരളത്തിൽ ഏറ്റവുമധികം പേരെ വധശിക്ഷയ്ക്കു വിധിച്ച കേസാണിത്. ഹൈക്കോടതിയുടെ അംഗീകാരത്തോടെയാകും ശിക്ഷ നടപ്പാക്കുക. ശിക്ഷിക്കപ്പെട്ടവരെല്ലാം പോപ്പുലർ ഫ്രണ്ട്– എസ്ഡിപിഐ പ്രവർത്തകരാണ്. വിവിധ വകുപ്പുകളിലായി പ്രതികൾക്ക് 25.09 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഇതിൽ 6 ലക്ഷം രൂപ രൺജീതിന്റെ കുടുംബത്തിനു നൽകണം.
ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജീത് ശ്രീനിവാസിനെ (45) 2021 ഡിസംബർ 19ന് ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലാണു വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടുഘട്ടമായി അന്വേഷിച്ച കേസിലെ ആദ്യഘട്ട കുറ്റപത്രത്തിൽ ഉൾപ്പെട്ട 15 പ്രതികളുടെ ശിക്ഷയാണു പ്രഖ്യാപിച്ചത്. പ്രധാന പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരടക്കം മുപ്പതോളം പ്രതികളുള്ള രണ്ടാം കുറ്റപത്രം ഉടൻ സമർപ്പിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















