കൊച്ചി: പോലീസുകാരുടെ മോശം പെരുമാറ്റം മാനസിക പിരിമുറുക്കം കാരണമെന്ന് ഡിജിപി ഹൈക്കോടതിയില്‍. ആലത്തൂരില്‍ അഭിഭാഷകനോട് എസ്.ഐ മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നിലപാടറിയിച്ചത്.
എന്നാല്‍ തെരുവില്‍ ജോലി എടുക്കുന്നവര്‍ക്കും മാനസിക സമ്മര്‍ദ്ദം ഉണ്ടെന്നും അത് മോശമായി പെരുമാറാനുള്ള ലൈസന്‍സ് അല്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു. പോലീസുകാരുടെ പെരുമാറ്റവുമായ ബന്ധപ്പെട്ടിട്ടുള്ള പുതിയ സര്‍ക്കുലര്‍ എങ്ങനെയാണ് നടപ്പിലാക്കാനായി പോകുന്നതെന്ന് അറിയിക്കണമെന്നും ഡി ജി പിയോട് കോടതി ആവശ്യപ്പെട്ടു.
1965-ന് ശേഷം പലതവണയായി നിരവധി സര്‍ക്കുലറുകള്‍ പോലീസുകാരുടെ പെരുമാറ്റം നന്നാക്കുന്നതിനായി ഇറക്കിയിട്ടുണ്ട്. എന്നിട്ടും ഉദ്യോഗസ്ഥര്‍ പാഠംപഠിച്ചില്ലേ എന്ന് കോടതി ചോദിച്ചു. ഇക്കാര്യങ്ങള്‍ ഗൗരവമായി കാണണം എന്നുപറഞ്ഞ കോടതി, കഴിഞ്ഞദിവസം പുറത്തിറക്കിയത് ഈ വിഷയത്തിലെ അവസാനത്തെ സര്‍ക്കുലറായിരിക്കണമെന്നും പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരുടെ യോഗംവിളിക്കുമെന്നും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ഡി.ജി.പി. കോടതിയെ അറിയിച്ചു. ആലത്തൂരില്‍ അഭിഭാഷകനോട് മോശമായി സംസാരിച്ച എസ്.ഐ. വി.ആര്‍. റെനീഷിനെ സ്ഥലം മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കേസിൽ റെനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംഭവത്തില്‍ നിരുപാധികം മാപ്പ് പറയാന്‍ തയ്യാറാണെന്നായിരുന്നു സത്യവാങ്മൂലം.
















