അടുക്കളപ്രശ്നങ്ങള് പലതാണ്. അടുക്കളയിലെ വൃത്തിയ്ക്കും ഇതുപോലെ പാചകം എളുപ്പമാക്കാനും സഹായിക്കുന്ന ചില ടിപ്സുണ്ട്. ചിലപ്പോള്‍ ചില പ്രശ്നങ്ങള്‍ നമുക്ക് നിസാരമെന്ന് തോന്നുമെങ്കിലും അടുക്കളയില്‍ പെരുമാറുന്നവരെ അലട്ടുന്ന ചിലത് കൂടിയാണ്. ഇതുപോലെ പാചകത്തിന് സമയം ലാഭിയ്ക്കാന്‍ സഹായിക്കുന്ന കാര്യങ്ങളും പലതുമുണ്ട്. അടുക്കളയിലെ വൃത്തിയ്ക്കും പാചകത്തിനും സഹായിക്കുന്ന ചില ടിപ്സിനെ കുറിച്ചറിയാം.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കേടാകാതെ സൂക്ഷിയ്ക്കാം
ഇഞ്ചി പേസ്റ്റുണ്ടാക്കാന്‍ ഇഞ്ചി നല്ലതുപോലെ കഴുകി തൊലി കളഞ്ഞെടുക്കാം. ഇത് മിക്സിയില്‍ ഇട്ട് അല്പം റിഫൈന്‍ഡ് ഓയില്‍ കൂടി ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കാം. ഇടയില്‍ വേണമെങ്കില്‍ അല്പം കൂടി ഓയില്‍ ചേര്‍ക്കാം. ഇത് നല്ലതുപോലെ അരയ്ക്കാം. വെള്ളം ചേര്‍ക്കരുത്. വെള്ളം ചേര്‍ത്താന്‍ കേടാകും. ഇത് ഗ്ലാസ് ജാറില്‍ വച്ച് ഫ്രിഡ്ജില്‍ വയ്ക്കാം. വെളുത്തുള്ളി പേസ്റ്റും ഇതുപോലെ തൊലി കളഞ്ഞ് കഴുകി അല്പം റിഫൈന്‍ഡ് ഓയില്‍ ചേര്‍ത്തിളക്കി അരച്ച് തയ്യാറാക്കാം. ഇതും ഫ്രീസറില്‍ വയ്ക്കാം. ഇതിലും വെള്ളം ചേര്‍ക്കരുത്. ഇതും ഫ്രിഡ്ജില്‍ വയ്ക്കാം. ഫ്രീസറില്‍ വച്ചാല്‍ ഏറെക്കാലം കേടാകാതെ ഇരിയ്ക്കും. ഉപയോഗിയ്ക്കുന്നതിന് കുറച്ച് മുന്‍പ് എടുക്കണം എന്നു മാത്രം. ആവശ്യമുള്ളത്ര മാത്രം ഫ്രീസറില്‍ നിന്നും എടുത്ത് ഉപയോഗിയ്ക്കുക.
ഇഞ്ചിയുടെ തൊണ്ട് കളയാന്‍
ഇഞ്ചിയുടെ തൊണ്ട് കളയാന്‍ ഒരു സ്പൂണ്‍ എടുക്കാം. അറ്റം മൂര്‍ച്ചയുള്ള സ്പൂണ്‍ എടുക്കാം. ഇതു വച്ച് ചുരണ്ടിയെടുക്കാം. കത്തിയില്ലെങ്കിലും ഇത് സാധിയ്ക്കും. ഇതുപോലെ പച്ചമുളക് കേടു കൂടാതെ അധികം നാള് സൂക്ഷിയ്ക്കാന്‍ ഇതിന്റെ തണ്ട് നീക്കി സൂക്ഷിച്ച് വയ്ക്കാം. ഇത് ഒരു ന്യൂസ് പേപ്പറില്‍ പൊതിഞ്ഞോ മറ്റോ സൂക്ഷിച്ച് വയ്ക്കാം. സവാളയുടെ തൊണ്ട് കളയാന്‍ മുകള്‍ ഭാഗത്തെ, അതായത് തണ്ട് ഭാഗം വട്ടത്തില്‍ മുറിച്ച് നീക്കണം. പിന്നീട് ഇത് രണ്ടു കഷ്ണമായി മുറിയ്ക്കാം. ഇതിന്റെ തോല് പുറമേ നിന്നും കളയാന്‍ എളുപ്പമാണ്.
ഗ്യാസ് സ്റ്റൗ
നമ്മുടെ ഗ്യാസ് സ്റ്റൗ വൃത്തിയാക്കാനും തിളക്കം വരാനും ചെയ്യാന്‍ കഴിയുന്ന വഴിയുണ്ട്. അല്പം ബേക്കിംഗ് സോഡ എടുക്കാം. ഇതില്‍ പകുതി മുറിച്ച ഒരു ഉരുളക്കിഴങ്ങിന്റെ ഒരു ഭാഗത്ത് ചെറിയ ദ്വാരങ്ങള്‍ ഉണ്ടാക്കി ഇത് സോഡാപ്പൊടിയില് മുക്കി ഗ്യാസില്‍ ഉരയ്ക്കണം. ഉരുളക്കിഴങ്ങിന്റെ നീര് കൂടി വരാനാണ് ദ്വാരങ്ങളിടുന്നത്. പിന്നീട് അടുത്ത കഷ്ണം അല്പം വിനെഗറില്‍ മുക്കി ഗ്യാസ് വീണ്ടും തുടയ്ക്കാം. ഇത് ഗ്യാസ് സ്റ്റൗ വൃത്തിയാക്കാന്‍ സഹായിക്കും. പിന്നീട് ഇത് വെള്ളം മുക്കി വൃത്തിയാക്കി സ്ക്രബര്‍ കൊണ്ട് തുടയ്ക്കാം.
ചായ അരിപ്പ
ചായ അരിപ്പയില്‍ കറുപ്പും കറയും പിടിയ്ക്കുന്നത് സാധാരണയാണ്. ഇതിനായി ഒരു പാത്രത്തില്‍ വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ അല്പം വിനെഗറും ഉപ്പും ചേര്‍ത്ത് ഇതില്‍ ഈ അരിപ്പ ഇട്ട് വയ്ക്കുക. ഇത് അല്പനേരം കിടന്ന് തിളയ്ക്കണം. 7 മിനിറ്റോളം ഇട്ടാല്‍ മതിയാകും. പിന്നീട് അരിപ്പയെടുത്താല് ഇത് വൃത്തിയായിട്ടുണ്ടാകും. ഇത് പ്ലാസ്റ്റിക് അരിപ്പയില്‍ ചെയ്യാന്‍ സാധിയ്ക്കില്ല. പ്ലാസ്റ്റിക് ഉരുകിപ്പോകും.