അരിയിലെ പ്രാണികളെ കളയാം, പരീക്ഷിക്കാം ഈ വഴികൾ

അരിയും പലവ്യഞ്ജനങ്ങളുമെല്ലാം കുറേക്കാലം സൂക്ഷിച്ചുവയ്ക്കുമ്പോള്‍ അതില്‍ നിറയെ പ്രാണികളും മറ്റും വരുന്നത് സ്വാഭാവികമാണ്. കിലോ കണക്കിന് ഭക്ഷ്യവസ്തുക്കള്‍ ഇങ്ങനെ പാഴായിപ്പോകാറുണ്ട്. വേനലും മഴയുമൊന്നും ഇത്തരം പ്രാണികള്‍ക്ക് പ്രശ്നമല്ല. ഉണങ്ങിയ സ്ഥലത്ത് വായു കടക്കാത്ത പാത്രങ്ങളിൽ സംഭരിച്ചിരുന്നാല്‍പ്പോലും കീടങ്ങള്‍ ഇവ വീടാക്കും. ഈ പ്രശ്നം പരിഹരിക്കാനായി വീട്ടില്‍ത്തന്നെ പരീക്ഷിക്കാവുന്ന ചില വഴികളുണ്ട്.

ഉണങ്ങിയ ബേ ഇലകൾ : അതേ, ബിരിയാണിക്കും മറ്റും രുചി പകരാന്‍ ഉപയോഗിക്കുന്ന ബേ ഇലകള്‍ക്ക് പ്രാണികളെ അകറ്റി നിര്‍ത്താനുള്ള ശക്തിയുണ്ട്. അരിയിലും മറ്റും ഈ ഇലകള്‍ പൂഴ്ത്തി വച്ചാല്‍ അവയുടെ രൂക്ഷഗന്ധം കാരണം, പ്രാണികള്‍ വരില്ല.

കായം : പ്രാണികള്‍ക്ക് തീരെ ഇഷ്ടമല്ലാത്ത ഒരു സാധനമാണ് കായം. കായം ഇട്ടു വച്ചാല്‍ പ്രാണികള്‍ അടുക്കില്ല.

വേപ്പില : കറിവേപ്പില, ആര്യവേപ്പില എന്നിവയ്ക്കെല്ലാം പ്രാണികൾ ഇഷ്ടപ്പെടാത്ത ശക്തമായ സുഗന്ധമുണ്ട്. അതിനാല്‍ അരിപ്പാത്രത്തില്‍ ഇവയില്‍ ഏതെങ്കിലും ഇട്ടുവച്ചാല്‍ പ്രാണിശല്യം ഉണ്ടാവില്ല. 

വെളുത്തുള്ളി : പ്രാണികളെ അകറ്റാനുള്ള മറ്റൊരു ഫലപ്രദമായ മാര്‍ഗ്ഗമാണ് വെളുത്തുള്ളി. തൊലികളഞ്ഞ വെളുത്തുള്ളി അരിയിൽ ഇട്ടു വയ്ക്കാം. പാത്രം മൂടിവയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഗ്രാമ്പൂ : ഒരു പിടി ഗ്രാമ്പൂ കോട്ടന്‍ തുണിയില്‍ പൊതിഞ്ഞോ അല്ലാതെയോ അരിയില്‍ ഇട്ടു വയ്ക്കാം. ഇതിന്‍റെ മണം കീടങ്ങളെ അകറ്റും. ദോഷകരമായ രാസവസ്തുക്കളോ കീടനാശിനികളോ ഉപയോഗിക്കാതെ കീടങ്ങളിൽ നിന്ന് അരി  സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണിത്.

പുതിന ഇലകൾ : പുതിയ ഫ്രഷ്‌ പുതിന ഇലകള്‍ എടുത്ത് നന്നായി കഴുകി ഉണക്കുക. ഇതില്‍ ഒരു തുള്ളി വെള്ളം പോലും ഉണ്ടാകാന്‍ പാടില്ല. ഇത് അരിയുടെ പാത്രത്തില്‍ ഇട്ടു വെച്ചാല്‍ പ്രാണികള്‍ വരില്ല.

Read also: ഇനി ദോശ കല്ല് ഒട്ടിപ്പിടിക്കില്ല: ഈ ടിപ്പുകൾ നിങ്ങളെ സഹായിക്കും

അരി ഒരുമിച്ചു സൂക്ഷിക്കാതിരിക്കുക : വലിയ അളവില്‍ അരി വാങ്ങിക്കുമ്പോള്‍ അവ ഒരിക്കലും ഒറ്റ പാത്രത്തില്‍ മാത്രമായി സൂക്ഷിക്കാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക. അവയെ പല പല ബാച്ചുകളായി തിരിച്ച്, വെവ്വേറെ കണ്ടെയ്നറുകളില്‍ സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ എല്ലാത്തിലും ഒരുമിച്ച് പ്രാണികള്‍ വരില്ല എന്ന് മാത്രമല്ല, കൈകാര്യം ചെയ്യാനും എളുപ്പമാണ്. ഇവ വയ്ക്കുന്ന അലമാരകൾ എന്നിവയും  വൃത്തിയായി സൂക്ഷിക്കുന്നത് ഉറപ്പാക്കുക.

 അരിയില്‍ പ്രാണികളെ കണ്ടാല്‍ ആദ്യം ചെയ്യേണ്ടത്, അത് ഒരു പരന്ന പാത്രത്തിലോ മുറത്തിലോ മറ്റോ പരത്തിയ ശേഷം സൂര്യപ്രകാശത്തിൽ വയ്ക്കുക എന്നതാണ്. വെയിലടിക്കുമ്പോള്‍ പ്രാണികൾ ഓടിപ്പോകുന്നത് കാണാം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു

Tags: Food News