തിരുവനന്തപുരം: നഗര തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ ഉൽപാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവും സവിശേഷതകളും തിട്ടപ്പെടുത്താൻ സര്‍വേയുമായി കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയായ കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് (കെ.എസ്.ഡബ്ല്യു.എം.പി). ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 42 നഗര-തദ്ദേശ സ്ഥാപനങ്ങളിലെ സര്‍വേ പൂര്‍ത്തിയായി.
ബാക്കി 51 ഇടങ്ങളിലെ സര്‍വേ പുരോഗമിക്കുന്നു. സുസ്ഥിര ഖരമാലിന്യ സംസ്കരണം ലക്ഷ്യമാക്കി ലോകബാങ്ക് സഹായത്തോടെയാണ് കെ.എസ്.ഡബ്ല്യു.എം.പി എട്ടുദിവസത്തെ സര്‍വേ നടത്തുന്നത്. വീടുകള്‍, ഹോട്ടലുകള്‍, സ്ഥാപനങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പബ്ലിക് യൂട്ടിലിറ്റികള്‍ തുടങ്ങിയവ ഉള്‍പ്പെടെ മാലിന്യം ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ ഉറവിടവും സര്‍വേയില്‍ പരിശോധിക്കും.
Read also: മയക്കുമരുന്ന് വേട്ടക്ക് ഓപറേഷൻ ഡി ഹണ്ട്; 285 പേർ അറസ്റ്റിൽ
സര്‍വേയുടെ അടിസ്ഥാനത്തില്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ നഗരങ്ങളിലെ ഖരമാലിന്യ സംസ്കരണ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക ഖരമാലിന്യ മാനേജ്മെന്റ് പ്ലാൻ തയാറാക്കും. നഗര തദ്ദേശ സ്ഥാപന പരിധിയില്‍ ഉൽപാദിപ്പിക്കുന്ന പ്രതിശീര്‍ഷ മാലിന്യത്തിന്റെ അടിസ്ഥാനത്തിലാവും പ്ലാൻ. സംസ്ഥാനത്തെ മുഴുവന്‍ മുനിസിപ്പാലിറ്റികളുടെയും കോര്‍പറേഷനുകളുടെയും പരിധിയില്‍ ഉൽപാദിപ്പിക്കുന്ന ഖരമാലിന്യത്തിന്റെ അളവ് വിലയിരുത്തുകയാണ് ലക്ഷ്യം.
വിവിധതരം മാലിന്യങ്ങളുടെ അളവും സ്വഭാവവും തിരിച്ചറിയുക, മാലിന്യ സംസ്കരണ സാങ്കേതികവിദ്യ വികസിപ്പിക്കുക, പുനഃചംക്രമണത്തിലൂടെയും പുനരുപയോഗത്തിലൂടെയും മാലിന്യത്തിന്റെ അളവ് കുറക്കുക തുടങ്ങിയവയും ലക്ഷ്യമിടുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ