തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് ഇന്ന് നിയമസഭയില്‍ തുടക്കമാകും. നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാന്‍ തയ്യാറാകാതിരുന്ന ഗവര്‍ണര്‍ക്കെതിരെ ഭരണപക്ഷം ആക്രമണം കടുപ്പിക്കും. നയപ്രഖ്യാപന പ്രസംഗം വെറും ഒരു മിനിറ്റിലും 17 സെക്കന്‍ഡിലും ഒതുക്കിയ ഗവര്‍ണറുടെ നടപടി ഭരണ-പ്രതിപക്ഷ ബെഞ്ചുകളെ ഒരുപോലെ അമ്പരപ്പിച്ചിരുന്നു.
ഗവര്‍ണര്‍ക്കെതിരെ സിപിഎം കഴിഞ്ഞദിവസം ശക്തമായ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. ഗവര്‍ണര്‍ പദവിയുടെ അന്തസ്സിന് ചേരാതെ, നിലവിട്ട് പെരുമാറുന്നതായി എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. അതേസമയം ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് ഒത്തുകളിയെന്നാകും പ്രതിപക്ഷം ആരോപിക്കുക.
ക്ഷേമപെന്‍ഷന്‍ കുടിശ്ശിക മുതല്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആര്‍ഒസി റിപ്പോര്‍ട്ട് വരെ അടിയന്തിര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. വിവാദ വിഷയങ്ങള്‍ ഒന്നിന് പിറകെ ഒന്നായി അടിയന്തര പ്രമേയങ്ങളായി പ്രതിപക്ഷം കൊണ്ടുവരും.
ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക, എക്സാലോജികിനെതിരായ റിപ്പോര്‍ട്ടുകളില്‍ അന്വേഷണം, സാമ്പത്തിക പ്രതിസന്ധി, കെഎസ്ആര്‍ടിസി പ്രശ്നം, സപ്ലൈകോയിലെ അനിശ്ചിതത്വം എന്നിവയെല്ലാം പ്രതിപക്ഷം ആയുധമാക്കുമ്പോള്‍, നിയമസഭയുടെ ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ