കോഴിക്കോട്: മർകസ് പൂർവ്വ വിദ്യാർഥിയും സിറാജ് ദിനപത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ എം ബശീറിന്റെ സ്മരണാർഥം മർകസ് അലുംനി ഏർപ്പെടുത്തിയ 2024ലെ മാധ്യമ പുരസ്കാരം സമ്മാനിച്ചു. ഇന്നലെ മർകസിൽ നടന്ന അലുംനി ഡെലിഗേറ്റ്സ് കോൺക്ലേവിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രശസ്തി പത്രവും ഫലകവും അവാർഡ് ജേതാവ് മുസ്തഫ പി എറയ്ക്കലിന് കൈമാറി. ഇത് രണ്ടാം തവണയാണ് തങ്ങളുടെ സഹപ്രവർത്തകന്റെ ഓർമ പുതുക്കി അലുംനി സെൻട്രൽ കമ്മിറ്റി മാധ്യമ പുരസ്കാരം നൽകുന്നത്.
അടിച്ചമർത്തപ്പെടുന്ന മനുഷ്യരുടെയും അനീതിക്ക് ഇരയാവുന്നവരുടെയും വാർത്തകളും വിശേഷങ്ങളും നിരന്തരം പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് എഴുത്തുകാരനും സിറാജ് ദിനപത്രം അസി.ന്യൂസ് എഡിറ്ററുമായ മുസ്തഫ പി എറയ്ക്കലിനെ ജൂറി തിരഞ്ഞെടുത്തത്. ചടങ്ങിൽ രാജ്യസഭാഗം ജോൺ ബ്രിട്ടാസ് കെ എം ബശീർ അനുസ്മരണ പ്രഭാഷണം നടത്തി. രാജീവ് ശങ്കരൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. എസ്. വൈ. എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്‌ഹരി, നോളേജ് സിറ്റി സി. ഇ. ഒ ഡോ. അബ്ദുസ്സലാം, പി.കെ.എം അബ്‌ദുറഹ്‌മാൻ സംബന്ധിച്ചു.