നടികർ തിലകം ഇനി നടികർ. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്‍റെ പേര് നടികർ എന്ന് മാറ്റിയത് നടൻ പ്രഭുവിന്‍റെ അഭ്യർഥനപ്രകാരമാണ്. ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കൊച്ചിയിൽ പുറത്തിറക്കി. ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം നടികർ തിലകത്തിന്‍റെ പേര് മാറ്റിയത് അപ്രതീക്ഷിതമായിരുന്നു. സാക്ഷാൽ നടികർ തിലകം ശിവാജി ഗണേശന്‍റെ മകൻ പ്രഭുവിന്‍റെ ഒരു ഫോൺ കോൾ ആയിരുന്നു അതിന് കാരണം.

ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് നടികർ തിലകം എന്നാണെന്ന് അറിഞ്ഞ പ്രഭു ജീൻ പോളിന്‍റെ അച്ഛൻ നടൻ ലാലിനെ വിളിച്ച് അഭ്യർഥിച്ചു. നടികർ തിലകം എന്നാൽ ആരാധകർക്ക് അത് ശിവാജി ഗണേശനാണ് . ആ പേരിൽ ചെറിയ മാറ്റം വരുത്താമോ എന്ന പ്രഭുവിന്‍റെ അഭ്യർഥന ലാൽ മകന്‍റെ ശ്രദ്ധയിൽപെടുത്തി. നടികർ തിലകം അങ്ങനെ നടികർ ആയി.അമ്മ സംഘടനക്ക് അയച്ച കത്തിൽ ‘നടികർ തിലകം ശിവാജി സമൂഗ നള പേരവൈ’ എന്ന സംഘടനയും ചിത്രത്തിന്‍റെ പേര് മാറ്റുവാൻ അപേക്ഷിച്ചിരുന്നു. ഒടുവിൽ പേര് മാറ്റി പ്രഭുവിന്‍റെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയതും. ടൊവിനോ നായകനാകുന്ന ചിത്രത്തിൽ ഭാവനയാണ് നായിക.സൗബിൻ ഷാഹിർ,സുരേഷ് കൃഷ്ണ, ബാലു വര്‍ഗീസ്, വീണ നന്ദകുമാര്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
















