കാസർകോട്: കേന്ദ്രസർക്കാറിന്റെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കാസർകോട് മുതൽ തിരുവനന്തപുരംവരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലക്ക് കാസർകോട്ട് ആവേശോജ്ജ്വല തുടക്കം. 36 വർഷത്തിനുശേഷമാണ് വീണ്ടും ഡി.വൈ.എഫ്.ഐ ചങ്ങല തീർത്തത്. 3.30 മുതൽതന്നെ കാസർകോട്ട് റെയിൽവേ സ്റ്റേഷന് മുന്നിൽ കുഞ്ഞുങ്ങളടക്കമുള്ളവർ എത്തിച്ചേർന്നിരുന്നു. കൃത്യം അഞ്ചിന് പ്രതിജ്ഞ ചൊല്ലി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദ്യകണ്ണിയായി മനുഷ്യച്ചങ്ങല ആരംഭിച്ചപ്പോൾ ആയിരക്കണക്കിന് വർഗബഹുജന സംഘടനാപ്രവർത്തകരാണ് ചങ്ങലയുടെ ഭാഗമായത്.
ജില്ലയിൽ കാസർകോട് റെയിൽവേ സ്റ്റേഷൻ മുതൽ കാലിക്കടവുവരെ 46.4 കിലോമീറ്റർവരെയാണ് ചങ്ങല തീർത്തത്. കാസർകോട്ട് റെയിൽവേ സ്റ്റേഷന് മുന്നിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദ്യ കണ്ണിയായപ്പോൾ ജില്ല അതിർത്തി കാലിക്കടവിൽ മുൻ എം.പി പി. കരുണാകരൻ അവസാന കണ്ണിയായി.
സിനിമ നടൻ പി.പി. കുഞ്ഞികൃഷ്ണൻ, സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, എൽ.ഡി.എഫ് കൺവീനർ കെ.പി. സതീഷ്ചന്ദ്രൻ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, ഡി.വൈ.എഫ്.ഐ കർണാടക സംസഥാന പ്രസിഡന്റ് മുനീർ കാട്ടിപ്പള്ള, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി രജീഷ് വെള്ളാട്ട്, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് ഷാലു മാത്യു തുടങ്ങിയവരാണ് റഹീമിനുശേഷം ചങ്ങലയിൽ കണ്ണികളായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പങ്കെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു