കൊച്ചി: കൊച്ചി കലൂരിലെ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ പുരോഗമിക്കുന്ന ഓൾ ഇന്ത്യ ഒക്ക്യുപ്പെഷണൽ തെറാപ്പിസ്റ്റ് അസോസിയേഷന്റെ അറുപത്തിയൊന്നാം വാർഷിക സമ്മേളനമായ ഓറ്റികോൺ 2024 ൽ ഒക്ക്യുപ്പെഷണൽ തെറാപ്പി നൽകിയ തന്റെ അതി ജീവന കഥ പങ്കുവെക്കുകയായിരുന്നു ഡോ. ടി വി വേലായുധൻ.
2008 ജൂണിൽ കേരളത്തിലെ ആരോഗ്യവകുപ്പിന്റെ പ്രതിനിധിയായി വെസ്റ്റ് ബംഗാളിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഡോക്ടർ ടി.വി. വേലായുധന് അപകടം സംഭവിക്കുന്നത്. എയർപ്പോർട്ടിലേക്കുള്ള യാത്രയിൽ മഴയുണ്ടായിരുന്നു. അദ്ദേഹം ഓടിച്ചിരുന്ന കാർ തെന്നി ഡിവൈഡറിലേക്ക് ഇടിച്ചുകയറി. പുലർച്ചെ നാലര മണിക്കായിരുന്നു സംഭവം.
ഇടിയുടെ ആഘാതത്തിൽ അദ്ദേഹത്തിന്റെ കഴുത്ത് കാറിന്റെ സ്റ്റിയറിങ്ങിൽ ശക്തമായി ഇടിച്ചു. നാഡീഞരമ്പുകൾ ഞെരുങ്ങിയമർന്നു. പേശികളിലേക്കുള്ള നാഡികൾ തടസപ്പെട്ടതോടെ ശരീരം തളർന്നു. കൊൽക്കത്തയിലെ ബിർള ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ എത്തിച്ചത്. അടിയന്തിര ശസ്ത്രക്രിയ നടത്തി. നാഡികളിലെ തടസം നീക്കി. പക്ഷെ ഡോ. വേലായുധന്റെ ശരീരത്തിന്റെ വലതുവശം പൂർണമായും ഇടതുവശം ഭാഗികമായും തളർന്നു. നടക്കാനോ എണീറ്റിരിക്കാനോ പോലും കഴിയാത്ത വിധം അദ്ദേഹം കിടപ്പിലായി. ഓപ്പറേഷൻ തിയറ്ററിൽ കിടക്കുമ്പോൾ ഈ അവസ്ഥയിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണെന്ന് വരെ അദ്ദേഹത്തിന് തോന്നി.
പതിനെട്ടാം ദിവസം അദ്ദേഹത്തെ പ്രത്യേക സൗകര്യങ്ങളോടെ വിമാനത്തിൽ നാട്ടിലെത്തിച്ചു. ഏതാണ്ട് 45 ദിവസത്തോളം അദ്ദേഹത്തിന് ചലനശേഷിയില്ലായിരുന്നു. അതിനുശേഷം ഫിസിയോതെറാപ്പിയും ഒക്ക്യുപ്പെഷണൽ തെറാപ്പിയും പ്രയോജനപ്പെടുത്തിയാണ് പതിയെപ്പതിയെ നടക്കാനുള്ള കഴിവ് വീണ്ടെടുത്തത്.
അപകടം നടന്ന് വർഷങ്ങൾ കഴിഞ്ഞെങ്കിലും അദ്ദേഹം ഇപ്പോഴും ഒക്ക്യുപ്പെഷണൽ തെറാപ്പി തുടരുകയാണ്. ചലനം തുടർന്നില്ലെങ്കിൽ ഒരുപക്ഷെ അദ്ദേഹം വീണ്ടും തളർന്നുപോയേക്കാം. രണ്ട് ദിവസം നടന്നില്ലെങ്കിൽ മൂന്നാം ദിവസം ചിലപ്പോൾ എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞില്ലെന്നുവരും. ഒരു ഒക്ക്യുപ്പെഷണൽ തെറാപ്പിസ്റ്റിന്റെ സഹായത്തോടെ നിരന്തരം മസിലുകളെ ചലിപ്പിച്ച് സജീവമായി നിലനിർത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. അന്നത്തെ ആ അപകടത്തിൽ ഡോ. വേലായുധന് സംഭവിച്ചത് ആയുഷ്കാലം നീണ്ടുനിൽക്കുന്ന ഒരു വൈകല്യമാണ്. എന്നാൽ അത്തരമൊരു ഘട്ടത്തിൽ തകർന്നുപോകാതെ സ്വന്തം കഴിവിൽ വിശ്വസിച്ച്, വൈദ്യശാസ്ത്രരംഗത്ത് ലഭ്യമായ ഒക്ക്യുപ്പെഷണൽ തെറാപ്പി പോലെയുള്ള സാധ്യതകളെ പ്രയോജനപ്പെടുത്തി ജീവിതലക്ഷ്യങ്ങൾ നിറവേറ്റുന്നത് തുടരുകയാണ് അദ്ദേഹം. മലേഷ്യയും തായ്‌ലാന്റുമുൾപ്പെടെ വിവിധയിടങ്ങളിൽ യാത്ര ചെയ്തു. അപകടത്തിന് ശേഷം ഒറ്റയ്ക്ക് വാഹനമോടിക്കാനുള്ള ശേഷിയും.
ഒക്ക്യുപ്പെഷണൽ തെറാപ്പിയുടെയും ഫിസിയോതെറാപ്പിയുടെയും ഗുണങ്ങൾ ഇന്നും പൊതുജനങ്ങൾ പൂർണമായി മനസ്സിലാക്കിയിട്ടില്ലെന്ന് ഡോ. വേലായുധൻ പറയുന്നു. കൈകൊണ്ട് ഭക്ഷണം കഴിക്കാനുള്ള കഴിവും നടക്കാനും ഇരിക്കാനുമുള്ള കഴിവുമെല്ലാം ഒരു അനുഗ്രഹമാണെന്ന് പലരും തിരിച്ചറിയുന്നില്ല. അതൊന്നും ചെയ്യാൻ കഴിയാതെ എത്രയോ ആളുകളുണ്ട്. അവർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഒക്ക്യുപ്പെഷണൽ തെറാപ്പി മാത്രമാണ് നിലവിലുള്ള പോംവഴി.
അപകടങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ ആശുപത്രിയിൽ വേണ്ട ചികിത്സകളൊക്കെ ചെയ്തതിന് ശേഷം കൃത്യസമയത്ത് ഫിസിയോതെറാപ്പിയും ഒക്ക്യുപ്പെഷണൽ തെറാപ്പിയും തുടങ്ങിക്കഴിഞ്ഞാൽ പല വൈകല്യങ്ങളും ഒരു പരിധിവരെ നമുക്ക് തടയാൻ കഴിയും. ഇതിനെക്കുറിച്ച് അറിവില്ലാത്ത പലയാളുകൾക്കും ആയുഷ്കാലം മുഴുവൻ അവരുടെ വൈകല്യങ്ങൾ ഏറ്റുവാങ്ങി ജീവിതം പരിമിതപ്പെടുത്തുന്നു. ഈ അവസ്ഥ മാറണമെന്ന് ഡോ. വേലായുധൻ പറയുന്നു. രോഗിയിൽ നിരന്തരം ശുഭാപ്തിവിശ്വാസം ഉണ്ടാക്കിയെടുക്കണം. അപകടം നടന്ന് ഏതാണ്ട് രണ്ട് മാസക്കാലം മാത്രമേ ഡോക്ടർ വേലായുധന് ദൈനംദിനകാര്യങ്ങൾ ചെയ്യുന്നതിന് മറ്റൊരാളുടെ സഹായം ആവശ്യമായി വന്നിട്ടുള്ളൂ. പിന്നീട് എല്ലാ കാര്യങ്ങളും പതിവുപോലെ സ്വന്തമായി ചെയ്യാനുള്ള സ്വാതന്ത്ര്യം അദ്ദേഹം സ്വായത്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് ഡോ. ടി.വി. വേലായുധൻ എം.ബി.ബി.എസും ബിരുദാനന്തര ബിരുദവും നേടിയത്. ഇന്ന് അദ്ദേഹം കേരളത്തിലെ വൈദ്യശാസ്ത്ര രംഗത്തും അവബോധപരിപാടികളിലും നിറസാന്നിധ്യമാണ്. സംസ്ഥാന ഹെൽത്ത് സർവീസസിൽ അഡിഷണൽ ഡയറക്ടർ, കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ അഡീഷണൽ പ്രോജക്ട് ഡയറക്ടർ എന്നീ പദവികളും വഹിച്ചിരുന്നു.