ടോക്യോ: ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും ജപ്പാന്‍റെ ‘സ്‍ലിം’ (സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ) പേടകത്തിലെ സോളാർ പാനൽ പ്രവർത്തന രഹിതം. ജപ്പാൻ ബഹിരാകാശ ഗവേഷണ ഏജൻസി ‘ജാക്സ’ ആണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പ്രധാന പേടകം അതിലെ ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. 74 ശതമാനം ചാർജുള്ള ബാറ്ററിയെയാണ് ആശ്രയിക്കുന്നത്. എന്നാൽ, ബാറ്ററിക്ക് ഒരു പരിധിയുണ്ടെന്നും തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യുതിയില്ലെന്നും പ്രോജക്റ്റ് മാനേജർ ഹിതോഷി കുനിനാക വ്യക്തമാക്കി.
Read also: അന്തർജല ആണവായുധ ഡ്രോൺ പരീക്ഷിച്ച് ഉത്തര കൊറിയ
സമയം മാറുന്നതിന് അനുസരിച്ച് സൂര്യപ്രകാശത്തിന്റെ ദിശ മാറും. സൂര്യപ്രകാശം സോളാർ പാനലിന്‍റെ സെല്ലുകളിൽ പതിക്കാൻ സാധ്യതയുണ്ട്. സോളാർ പാനൽ പ്രവർത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും ഹിതോഷി കുനിനാക വ്യക്തമാക്കി. അതേസമയം, സോളാർ പാനൽ പ്രവർത്തന രഹിതമായതിനാൽ പേടകത്തിലെ ബാറ്ററി റീ ചാർജ് ചെയ്യാൻ സാധിക്കില്ല. അതിനിടെ, ചന്ദ്രനിൽ ഇറങ്ങിയ ‘സ്‍ലിം’ പേടകത്തിൽ നിന്നുള്ള സിഗ്നലിനായി കാത്തിരിക്കുകയാണ് ‘ജാക്സ’.
വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 8.54നാണ് ജപ്പാൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ‘ജാക്സ’യുടെ ‘സ്‍ലിം’ (സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ) പേടകം ചന്ദ്രോപരിതലത്തിലെ ശിയോലി ഗർത്തത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. അമേരിക്ക, സോവിയറ്റ് യൂനിയൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾക്കു ശേഷം ചന്ദ്രനിൽ മൃദുവിറക്കം നടത്തുന്ന അഞ്ചാമത്തെ രാജ്യവും ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യ വിജയത്തിനു പിന്നാലെ സോഫ്റ്റ് ലാൻഡിങ് നടത്തിയ മറ്റൊരു ഏഷ്യൻ രാജ്യവും കുടിയാണ് ജപ്പാൻ. കൂടാതെ, സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ഈ നൂറ്റാണ്ടിലെ മൂന്നാമത്തെ രാജ്യവുമാണ്
സെപ്റ്റംബർ ആറിനാണ് എച്ച്-ഐ.ഐ.എ 202 റോക്കറ്റിൽ ‘മൂൺ സ്നൈപ്പർ’ എന്ന വിളിപ്പേരുള്ള ‘സ്‍ലിം’ റോബോട്ടിക് പര്യവേക്ഷണ പേടകം ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്. എക്സ് റേ ഇമാജിങ് ആൻഡ് സ്പെക്ടോസ്കോപി മിഷൻ എന്ന ബഹിരാകാശ ടെലിസ്കോപിനെ ശൂന്യാകാശത്ത് സഥാപിച്ച ശേഷമാണ് ‘സ്‍ലിം’ പേടകം ചന്ദ്രനിലേക്ക് കുതിച്ചത്.
ജനുവരി 14ന് ചാന്ദ്രഭ്രമണപഥത്തിലെത്തിയ ‘സ്‍ലിം’ കഴിഞ്ഞ ദിവസം താഴ്ന്നു പറക്കാൻ തുടങ്ങി. തുടർന്ന് ചന്ദ്രന്‍റെ 15 കിലോമീറ്റർ ചുറ്റളവിലുള്ള ഭ്രമണപഥത്തിലാണ് ‘സ്‍ലിം പേടകം വലം വെച്ചിരുന്നത്. ഇന്ന് ശിയോലി എന്ന ചെറു ഗർത്തത്തിന് സമീപത്തെ 15 ഡിഗ്രി ചരിഞ്ഞ പ്രദേശത്ത് 200 കിലോഗ്രാം ഭാരമുള്ള ‘സ്‍ലിം’ പേടകം ഇറങ്ങി. ചന്ദ്രന്‍റെ ഉപരിതലത്തിൽ കൃത്യത ഉറപ്പാക്കി ഇറങ്ങാനുള്ള ‘പിൻ പോയിന്‍റ് ലാൻഡിങ്’ സാങ്കേതിക വിദ്യയാണ് ജപ്പാൻ പരീക്ഷിച്ചത്.
1969ൽ അപ്പോളോ 11 ഇറങ്ങിയ പ്രാചീന അഗ്നിപർവത പ്രവർത്തനങ്ങളാൽ സൃഷ്ടിക്കപ്പെട്ട സീ ഓഫ് ട്രാൻക്വിലിറ്റി എന്ന ചാന്ദ്ര സമതലത്തിലാണ് ശിയോലി ഗർത്തം സ്ഥിതി ചെയ്യുന്നത്. നിലവിൽ നിശ്ചയിച്ച സ്ഥലത്ത് നിന്ന് 100 മീറ്റർ (328 അടി) പരിധിയിലാണ് മൃദുവിറക്കം (സോഫ്റ്റ് ലാൻഡിങ്) ലക്ഷ്യമിട്ടത്. ചന്ദ്രന്റെ ഉത്ഭവത്തെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലിന് സഹായിക്കുന്ന ലാൻഡിങ് സ്ഥലത്തെ പാറകളെ കുറിച്ച് പഠിക്കാനുള്ള രണ്ട് പേലോഡുകളാണ് പേടകത്തിലുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു