തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തിൽ കേരളത്തിനെതിരെ കരുത്തരായ മുംബൈക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 78.4 ഓവറിൽ 251 റൺസിന് ഓൾ ഔട്ടായി. തലപ്പൊക്കമുള്ള മുംബൈയുടെ ബാറ്റിങ് നിരയെ തുമ്പ സെന്റ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടിൽ കേരള ബൗളർമാർ വരിഞ്ഞുമുറുക്കി. ശ്രേയസ് ഗോപാലിന്റെ നാലു വിക്കറ്റ് പ്രകടനമാണ് മുംബൈ ബാറ്റിങ്ങിനെ തകർത്തത്. അഫ്ഗാനിസ്താനെതിരായ മത്സരത്തിന് ശേഷം മടങ്ങിയെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ നേതൃത്വത്തിലാണ് കേരളം കളത്തിലിറങ്ങിയത്.
Read also: സൗദി പ്രൊ ലീഗിൽ സഹതാരമായ അബ്ദുൾറഹ്മാൻ ഖരീബിന് സർപ്രൈസ് നൽകി ക്രിസ്റ്റ്യാനോ
മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ജയ് ബിസ്തയെയും രണ്ടാം പന്തില്‍ നായകൻ അജിങ്ക്യ രഹാനെയെയും പുറത്താക്കി ബേസില്‍ തമ്പി മുംബൈയെ ഞെട്ടിച്ചു. സ്കോർബോർഡിൽ ഒരു റണ്ണുപോലും കൂട്ടിചേർക്കുന്നതിനു മുമ്പേ മുംബൈയുടെ രണ്ടു വിക്കറ്റുകൾ വീണു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് രഹാന ഗോൾഡൻ ഡക്കാകുന്നത്. ആന്ധ്രക്കെതിരെയും താരം ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. പിന്നാലെ 41 പന്തിൽ 18 റൺസെടുത്ത സുവേദ് പാർക്കറെ സുരേഷ് വിശ്വേഷർ സഞ്ജുവിന്റെ കൈകളിലെത്തിച്ചു.
ഭൂപെൻ ലൽവാനി (63 പന്തിൽ 50), ശിവം ദുബെ (72 പന്തിൽ 51), തനുഷ് കൊട്ടിയാൻ കൊട്ടിയാൻ (105 പന്തിൽ 56) എന്നിവരുടെ അർധ സെഞ്ച്വറി പ്രകടനമാണ് മുംബൈയെ 200 കടത്തിയത്. പ്രസാദ് പവാർ (48 പന്തിൽ 21), ഷംസ് മുലാനി (41 പന്തിൽ എട്ട്), മൊഹിത് അവസ്തി (80 പന്തിൽ 16), ധവാൽ കുൽകർണി (23 പന്തിൽ എട്ട്) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ഒരു റണ്ണുമായി റോയ്സ്റ്റൻ ഡയസ് പുറത്താകാതെ നിന്നു.
18.4 ഓവറിൽ 28 റൺസ് വിട്ടുകൊടുത്താണ് ശ്രേയസ് നാലു വിക്കറ്റെടുത്തത്. ബേസിൽ തമ്പി, ജലജ് സക്സേന എന്നിവർ രണ്ടു വീതം വിക്കറ്റും എം.ഡി. നിധീഷ്, സുരേഷ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. രണ്ട് കളിയിൽനിന്ന് നാല് പോയന്റുമായി ഗ്രൂപ് ബിയിൽ അഞ്ചാംസ്ഥാനത്താണ് കേരളം. എന്നാൽ കളിച്ച രണ്ട് കളികളിലും തകർപ്പൻ ജയത്തോടെ 14 പോയന്റുമായി ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്താണ് മുംബൈ.
ആന്ധ്രയെ 10 വിക്കറ്റിന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് രഹാനെയുടെ നേതൃത്വത്തിലുള്ള മുംബൈ സംഘം തിരുവനന്തപുരത്തെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു