കോഴിക്കോട്: ഫെബ്രുവരി 3 ന് മർകസിൽ നടക്കുന്ന ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികൾക്ക് വിഭവ സമാഹരണത്തോടെ തുടക്കം കുറിച്ചു. മലപ്പുറം വെസ്റ്റ് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെ ആഭിമുഖ്യത്തിൽ സമാഹരിച്ച വിഭവങ്ങൾ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മർകസിൽ എത്തി. ചരക്കുകളുമായെത്തിയ വാഹനങ്ങൾ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ജില്ലയിലെ 52 റെയ്ഞ്ചുകളിൽ നിന്ന് 56 വാഹനങ്ങളിലായാണ് അരി, പഞ്ചസാര, നാളികേരം, പച്ചക്കറികൾ, പലവ്യജ്ഞനങ്ങൾ ഉൾപ്പെടെയുള്ള വിഭവങ്ങൾ എത്തിയത്. പതിനായിരത്തിൽ പരം കുടുംബങ്ങൾ സമാഹരണത്തിൽ ഭാഗമായി.
വിഭവ സമാഹരണ പദ്ധതിക്ക് തുടക്കം കുറിച്ച ക്ലാരി ബാവ മുസ്‌ലിയാരെ ചടങ്ങിൽ അനുസ്മരിച്ചു. രണ്ടായിരത്തിലധികം വിദ്യാർഥികൾ താമസിച്ചു പഠിക്കുന്ന മർകസ് സ്ഥാപനങ്ങളുടെ ദൈനംദിന ചെലവുകളിലേക്ക് വിഭവങ്ങൾ ഉപയോഗപ്പെടുത്തും. എസ് ജെ എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ പി എച്ച് തങ്ങൾ കാവനൂർ, സെക്രട്ടറി മുഹമ്മദലി മുസ്‌ലിയാർ, ഭാരവാഹികളായ ഹസ്സൻ കോയ തങ്ങൾ മമ്പുറം, ഇബ്‌റാഹീം സഖാഫി, സി കെ അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ, ടി ടി മുഹമ്മദ് ബദവി, കുഞ്ഞിമുഹമ്മദ് ബദവി, ഉമർ മുസ്‌ലിയാർ എടരിക്കോട്, സ്വാദിഖ് സഖാഫി പദ്ധതിക്ക് നേതൃത്വം നൽകി. വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, സി പി ഉബൈദുല്ല സഖാഫി, മർകസ് ജീവനക്കാർ, വിദ്യാർഥികൾ വിഭവങ്ങൾ ഏറ്റുവാങ്ങി.