മുംബൈ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവു കൊലപ്പെടുത്തിയ മുൻ കാമുകിയുടെ മൃതദേഹം കണ്ടെടുത്തു. ഒരു മാസത്തിലധികം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
യുവാവിന്റെ ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിരുന്ന രഹസ്യകോഡുകൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. ഇതിനു പിന്നാലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
നവി മുംബൈയിലെ കാലംബോലി സ്വദേശികളായ വൈഷ്‌ണവി ബാർഭർ (19), വൈഭവ് ഭുരുംഗെയ്ൽ (24) എന്നിവരാണ് മരിച്ചത്.
വൈഷ്‌ണവിയുടെ മൃതദേഹം 34 ദിവസത്തെ അന്വേഷണത്തിനു ശേഷം ഖർഖർ കുന്നുകളിൽ നിന്നാണ് പൊലീസ് വീണ്ടെടുത്തത്. വൈഷ്ണവിയെ കൊലപ്പെടുത്തിയ ശേഷം വൈഭവ് ട്രെയിനിനു മുന്നിൽച്ചാടി ജീവനൊടുക്കിയിരുന്നു.
ഇക്കഴിഞ്ഞ ഡിസംബർ 12നാണ് കോളജിലേക്കു പോയ വൈഷ്‌ണവിയെ കാണാതാകുന്നത്. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ കാലംബൊലി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അതേ ദിവസം ട്രെയിനിനു മുന്നിൽച്ചാടി മരിച്ച വൈഭവിന്റെ കേസ് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും ഖർഖർ കുന്നുകളിൽ ഒരുമിച്ചുണ്ടായിരുന്നതായി കണ്ടെത്തി. പിന്നീട് വൈഭവിന്റെ ഫോണിൽ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.
വൈഷ്ണവിയെ കൊലപ്പെടുത്തിയെന്നും ആത്മഹത്യ ചെയ്യുന്നുവെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. അതുകൂടാതെ ‘L01-501’ എന്നൊരു രഹസ്യ കോഡും കത്തിലുണ്ടായിരുന്നു. ഇത് വനംവകുപ്പ് മരങ്ങൾക്കു രേഖപ്പെടുത്തിയിക്കുന്ന നമ്പരാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഖർഖർ കുന്നുകളിൽ വ്യാപക പരിശോധന നടത്തിയത്.
വനം വകുപ്പ്, അഗ്നിരക്ഷാസേന തുടങ്ങിയ വിവിധ വിഭാഗങ്ങൾ ചേർന്ന് സംയുക്തമായി ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായിട്ടായിരുന്നു പരിശോധന.
ഇതിലാണ് കുറ്റിക്കാടുകൾക്കിടയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. വസ്ത്രത്തിന്റെ നിറവും വാച്ചും കോളജ് തിരിച്ചറിയൽ കാർഡും പരിശോധിച്ചാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്.
.