കൊൽക്കത്ത: കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ‘ഇൻഡ്യ’ സഖ്യകക്ഷിയായ തൃണമൂൽ കോൺഗ്രസ് പങ്കെടുത്തേക്കില്ല. സീറ്റ് പങ്കുവെക്കുന്നതിൽ ധാരണയാകാതെ ന്യായ് യാത്രയുടെ ഭാഗമാകില്ലെന്ന് മുതിർന്ന തൃണമൂൽ നേതാവ് വ്യക്തമാക്കിയതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി 14ന് മണിപ്പൂരിൽ നിന്ന് തുടങ്ങിയ ന്യായ് യാത്ര 27നാണ് പശ്ചിമ ബംഗാളിൽ പ്രവേശിക്കുന്നത്. അഞ്ച് ദിവസം യാത്ര ബംഗാളിൽ പര്യടനം നടത്തും. ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് എല്ല സഖ്യകക്ഷി മേധാവികൾക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കത്തെഴുതിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് ധാരണയാകാതെ യാത്രയിൽ പങ്കെടുക്കേണ്ടെന്നാണ് തൃണമൂൽ നിലപാട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നടത്തുന്ന യാത്രയിൽ തൃണമൂൽ കോൺഗ്രസ് പങ്കെടുത്തില്ലെങ്കിൽ ഇൻഡ്യ മുന്നണിക്ക് ക്ഷീണമാകും.
ബംഗാളിൽ തങ്ങളുടെ രണ്ട് ലോക്സഭ സീറ്റ് കോൺഗ്രസിന് വിട്ടുനൽകാമെന്ന് ഡിസംബർ 19ന് തൃണമൂൽ അറിയിച്ചിരുന്നു. എന്നാൽ ഇത് കോൺഗ്രസ് അംഗീകരിച്ചില്ല. 2019ലെ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ഇടതുപക്ഷവുമായി ധാരണയുണ്ടാക്കി മത്സരിച്ച കോൺഗ്രസ് രണ്ട് സീറ്റിൽ വിജയിക്കുകയും 5.67 ശതമാനം വോട്ട് നേടുകയും ചെയ്തിരുന്നു.
ആറ് സീറ്റെങ്കിലും വേണമെന്നാണ് കോൺഗ്രസിന്‍റെ നിലപാട്. എന്നാൽ, അത്രയും സീറ്റുകളിൽ വിജയിക്കാനുള്ള ശേഷി കോൺഗ്രസിനില്ലെന്നാണ് തൃണമൂലിന്‍റെ വാദം. സീറ്റ് ചർച്ചകൾക്കായി കോൺഗ്രസ് നിയോഗിച്ച സമിതിയുമായി കൂടിക്കാഴ്ചയ്ക്കില്ലെന്നും ഇനി ഉന്നത നേതൃത്വവുമായി മാത്രമേ ചർച്ചയുള്ളൂവെന്നും തൃണമൂൽ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു