ന്യൂഡല്‍ഹി: അടുത്ത മാസത്തോടെ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നത് പൊതുമേഖല എണ്ണ കമ്പനികളുടെ പരിഗണനയിലെന്ന് റിപ്പോര്‍ട്ടുകള്‍. അസംസ്‌കൃത എണ്ണയുടെ വിലയില്‍ കുറവുണ്ടാകുകയും ലാഭം കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ധന വില കുറയ്ക്കുന്നത് പരിഗണിക്കുന്നതെന്ന് കമ്പനി-സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശംകൂടി പരിഗണിച്ചാകും നടപടി.
ക്രൂഡ് ഓയില്‍ വിലയില്‍ ഗണ്യമായ ഇടിവുണ്ടായിട്ടും 2022 ഏപ്രില്‍ മുതല്‍ ഇന്ധനവില കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. വിലനിര്‍ണ്ണയത്തില്‍ സമഗ്രമായ അവലോകനം നടക്കുന്നതോടെ അഞ്ച് രൂപ മുതല്‍ പത്ത് രൂപ വരെ ലിറ്ററിന് കുറയുമെന്നാണ് കണക്കാക്കുന്നത്.
മൂന്ന് പൊതുമേഖല എണ്ണ കമ്പനികളും കഴിഞ്ഞ രണ്ട് പാദങ്ങളിലും ഗണ്യമായ ലാഭം നേടിയിട്ടുണ്ട്. മൂന്നാംപാദത്തിലും ഇത് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര വിപണിയില്‍ ഭാവിയില്‍ കുതിച്ചുചാട്ടത്തിനുള്ള സാധ്യതകള്‍ മുന്നില്‍കണ്ടാല്‍ തന്നെ പത്ത് രൂപ വരെ ലിറ്ററിന് കുറയ്ക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും.
read also….രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും
2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ മൂന്ന് സ്ഥാപനങ്ങളുടെയും സംയോജിത അറ്റാദായം 57,091.87 കോടി രൂപയായിരുന്നു. മൊത്ത വിപണിയിലെ വിലക്കയറ്റത്തോത് ഒമ്പത് മാസത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ധന വില കുറയ്ക്കുന്നത് കേന്ദ്ര സര്‍ക്കാരും സജീവപരിഗണനയിലെടുത്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു