കൊച്ചി:കൊച്ചിയെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ.വൈകിട്ട് 7.40ഓടെയാണ് റോഡ് ഷോ ആരംഭിച്ചത്.പ്രധാനമന്ത്രിയെ കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്. പൂക്കളാല്‍ അലങ്കരിച്ച തുറന്ന വാഹനത്തിലാണ് കയറിയാണ് റോഡ് ഷോ. പൂക്കള്‍ വിതറിയും കൈകള്‍ വീശിയും മുദ്രവാക്യം വിളിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.റോഡിനിരുഭാഗവും അണിനിരന്ന പ്രവര്‍ത്തകരെ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും നരേന്ദ്ര മോദിക്കൊപ്പം തുറന്ന വാഹനത്തില്‍ അനുഗമിച്ചു.
ആയിരകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് റോഡ് ഷോ കാണാനെത്തിയത്. തൃശൂരിലെ ഇളക്കി മറിച്ച റോഡ് ഷോയ്ക്ക് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി കൊച്ചിയിലും എത്തിയത്.വൈകിട്ട് ആറരയോടെ നെടുമ്ബാശ്ശേരിയിലിറങ്ങിയ നരേന്ദ്ര മോദി ഏഴേകാലോടെ കൊച്ചിയിലെത്തി. തുടര്‍ന്നാണ് കെ പി സി സി ജംങ്ഷൻ മുതല്‍ ഗസ്റ്റ് ഹൗസ് വരെ ഒന്നേകാല്‍ കിലോമീറ്റര്‍ നീളുന്ന റോഡ് ഷോ ആരംഭിച്ചത്. റോഡിനിരുവശവുമായുള്ള ബാരിക്കേഡിന് പുറത്തായിട്ടാണ് പ്രവര്‍ത്തകര്‍ റോഡ് ഷോയെ സ്വീകരിക്കാനായി കാത്തുനിന്നത്.
രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലും തൃശൂരും വിവിധ പരിപാടികളില്‍ പങ്കെടുക്കും.നാളെ രാവിലെ ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി ആദ്യം ക്ഷേത്ര ദര്‍ശനം നടത്തും. തുടര്‍ന്ന് 8.45ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും. 9.45ന് തൃപ്രയാര്‍ ക്ഷേത്രത്തിലേക്ക് പുറപ്പെടും. അവിടെയെത്തി ദര്‍ശനം നടത്തി കൊച്ചിക്ക് പോകും.നാളെ ഉച്ചയ്ക്ക് 12 മണിക്ക് വെല്ലിങ്ടണ്‍ ഐലന്‍റില്‍ കൊച്ചിൻ ഷിപ് യാര്‍ഡിന്‍റെ പരിപാടിയില്‍ പങ്കെടുക്കും.
നാളെ കൊച്ചിയില്‍ പ്രധാനമന്ത്രി മൂന്ന് വൻകിട പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കും.4000 കോടി രൂപയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക.കൊച്ചിൻ ഷിപ്യാര്‍ഡ് ലിമിറ്റഡിൻ്റെ ന്യൂ ഡ്രൈ ഡോക്ക്, ഇൻ്റര്‍ നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി, ഐ.ഒ.സിയുടെ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍.ഒന്നരയോടെ കൊച്ചി മറൈൻഡ്രൈവില്‍ എത്തുന്ന നരേന്ദ്രമോദി ബിജെപി പരിപാടിയില്‍ പങ്കെടുക്കും. മൂന്നരയോടെ നെടുമ്പാശേരിയില്‍ നിന്ന് ഡൽഹിയിലേക്ക് മടങ്ങും.