കൊച്ചി: കണ്ണൂർ സർവകലാശാലയിൽ പുനർനിയമന കാലത്ത് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് നൽകിയ ശമ്പളം 59.69 ലക്ഷം രൂപ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീംകോടതി റദ്ദ് ചെയ്തിരുന്നു. 2021 നവംബർ 24 മുതൽ 2023 ഒക്ടോബർ 31 വരെ 23 മാസ കാലയളവിലാണ് പുനർനിയമനത്തിലൂടെ അദ്ദേഹം ജോലി ചെയ്തത്.
കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പുനർനിയമന കാലഘട്ടത്തിൽ വാങ്ങിയ ശമ്പളം തിരികെ വാങ്ങേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
പുനർനിയമനം ചോദ്യംചെയ്യുന്ന കേസ് ഹൈകോടതിയിൽ വന്നപ്പോൾ ഗോപിനാഥ് രവീന്ദ്രനുവേണ്ടി പുറമെ നിന്നുള്ള അഭിഭാഷകരാണ് ഹാജരായത്. ഇവർക്ക് ഫീസ് നൽകാൻ 4.34 ലക്ഷം രൂപ നൽകിയത് കണ്ണൂർ സർവകലാശാലയാണ്.
വിഷയം സുപ്രീംകോടതിയിലെത്തിയപ്പോൾ അദ്ദേഹത്തിനുവേണ്ടി ഹാജരായ അഡ്വ. ശൈലേഷ് മടിയാൻ 2.98 ലക്ഷം രൂപയും അഡ്വ. വാസവ പ്രഭു പട്ടേൽ 24.50 ലക്ഷം രൂപയും ഫീസായി വാങ്ങി. സുപ്രീംകോടതിയിൽ സർക്കാർ ഭാഗം വാദിക്കാൻ ഹാജരായ അഡ്വക്കറ്റ് കെ.കെ. വേണുഗോപാൽ 33 ലക്ഷവും ഫീസിനത്തിൽ വാങ്ങിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു