തായ്പേയ് : അധിനിവേശവും അതിർത്തി കയ്യേറ്റവും നയപരിപാടിയാക്കിയ ചൈനീസ് ഭരണകൂടത്തെ വെല്ലുവിളിച്ച് തയ്‌വാൻ ജനത ലായ് ചിങ്തെയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. തയ്‌വാന്റെ മേലുള്ള ചൈനയുടെ അവകാശവാദം അംഗീകരിക്കാത്ത ലായ് ചിങ്തെയുടെ ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (ഡിപിപി) ആണ് 8 വർഷമായി രാജ്യം ഭരിക്കുന്നത്. മൂന്നാം തവണയും അധികാരം പിടിച്ച ഡിപിപി ഭരണത്തുടർച്ചയിൽ ചരിത്രം കുറിച്ചു.
യുഎസിന്റെ ഉറച്ച പിന്തുണയുള്ള ഡിപിപി അധികാരം നിലനിർത്തിയതോടെ ചൈനയുടെ രോഷം ഇനി പല തരത്തിൽ പ്രതിഫലിക്കാനാണു സാധ്യത. മേഖല കൂടുതൽ സംഘർഷഭരിതമായേക്കും. സൈനിക നടപടികളിലേക്കു നീങ്ങിയാൽ യുഎസ് പടക്കോപ്പുകൾ നൽകി തയ്‌വാനെ സഹായിക്കുമെന്നും ഉറപ്പാണ്.
വില്യം എന്നും അറിയപ്പെടുന്ന ലായ് ചിങ്തെ (64) നിലവിൽ വൈസ് പ്രസിഡന്റാണ്. ഹാർവഡ് പൂർവവിദ്യാർഥിയായ മുൻ ഡോക്ടറാണ്. അന്തസ്സും സമഭാവനയും ഉറപ്പാക്കിയുള്ള ആരോഗ്യകരമായ അനുരഞ്ജന ചർച്ചകളാണ് ചൈനയുമായി ആഗ്രഹിക്കുന്നതെന്ന് വിജയത്തിനു പിന്നാലെ അദ്ദേഹം വ്യക്തമാക്കി. യുഎസിനോടു ചേർന്നുനിന്നും ചൈനയെ പ്രകോപിപ്പിക്കാതെയും നിലവിലെ പ്രസിഡന്റ് സായ് ഇങ്‌വെൻ തുടർന്നുപോന്ന സമദൂര നയതന്ത്രം തുടരുമെന്ന് ലായ് പറഞ്ഞിരുന്നു. 2 തവണയിലേറെ പ്രസിഡന്റാകാൻ വിലക്ക് ഉള്ളതിനാലാണു സായ് വീണ്ടും മത്സരിക്കാതെ ലായ് സ്ഥാനാർഥിയായത്. അടുത്ത മേയിൽ പുതിയ പ്രസിഡന്റ് അധികാരമേൽക്കും.
ഭരണം നിലനിർത്തിയെങ്കിലും 113 സീറ്റുള്ള പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായതു ഡിപിപിക്കു ക്ഷീണമാണ്. യുഎസിലെ മുൻ സ്ഥാനപതി കൂടിയായ ഷായ് ബി കിം അടുത്ത വൈസ് പ്രസിഡന്റാകും. തായ്–യുഎസ് കുടുംബവേരുകളുള്ള ഇവർ യുഎസിലെ തായ്‌ലൻഡ് പ്രതിനിധിയായ ആദ്യത്തെ വനിതയാണ്. എതിരാളികളായ കുമിന്താങ് പാർട്ടിയുടെ ഹു യു ഇഹും തയ്‌വാൻ പീപ്പിൾസ് പാർട്ടിയുടെ ജനപ്രിയ നേതാവായ കോ വെൻജെയും ലായിയുടെ ജയം അംഗീകരിച്ചു. 40 ശതമാനം വോട്ടാണു ലായ് നേടിയത്. ഹു 33% വോട്ടും കോ 26% വോട്ടും നേടി.