മിൽമയുടെ ഒരു ലിറ്ററിന്റെ പാല്‍കുപ്പി വാങ്ങുന്നതിനുള്ള ഇടപാടില്‍ തമിഴ്‌നാട് ആസ്ഥാനമായ സ്വകാര്യ കമ്പനിക്കായി വഴിവിട്ട സഹായം. പുതിയ ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ വില ക്വാട്ട് ചെയ്ത ക്ലിയര്‍പെറ്റ് കമ്പനിയോട്, നിലവിലെ വിതരണക്കാരായ തമിഴ്‌നാട് ആസ്ഥാനമായ കമ്പനിയുമായി വിതരണ പങ്കാളിത്തം ഉണ്ടാക്കാന്‍ മില്‍മ ആവശ്യപ്പെട്ടു.
TPAC സ്‌കൈ പെറ്റ് കമ്പനിക്ക് 40 ശതമാനം വിതരണാവകാശം നല്‍കണമെന്നായിരുന്നു മില്‍മയുടെ ആവശ്യം. എന്നാൽ ഈ ആവശ്യം നിരസിച്ചതോടെ മിൽമ കരാര്‍ മരവിപ്പിച്ചു. ഇതോടെ ടെന്‍ഡര്‍ നല്‍കിയ ക്ലിയര്‍ പെറ്റ് കമ്പനി ഹൈക്കോടതിയെ സമീപിച്ചു. പ്രതികാരമായി മില്‍മ ക്ലിയര്‍ പെറ്റ് കമ്പനിയുടെ ടെന്‍ഡര്‍ റദ്ദാക്കുകയും ചെയ്തു. ക്ലിയര്‍ പെറ്റ് കമ്പനിയോട് തമിഴ്‌നാട് കമ്പനിയുമായി വിതരണ പങ്കാളിത്തം ഉണ്ടാക്കാന്‍ ആവശ്യപ്പെട്ട് അയച്ച ഇമെയിലിന്റെ പകര്‍പ്പ് പുറത്ത്.
നിലവില്‍ തമിഴ്നാട് കമ്പനി ഒരു ബോട്ടിലിന് 20.50 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ ‘ക്ലിയര്‍ പെറ്റ്’ 18.88 രൂപയ്ക്ക് നല്‍കാമെന്നാണ് ടെന്‍ഡര്‍ നല്‍കിയത്.
ക്ലിയര്‍ പെറ്റിന് ഒറ്റയ്ക്ക് സപ്ലൈ സാധ്യമാക്കാന്‍ കഴിയുമോ എന്ന ആശങ്കകൊണ്ടാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചതെന്നാണ് മില്‍മയുടെ വിശദീകരണം. എന്നാല്‍ 2016 മുതല്‍ പെറ്റ് ബോട്ടിലുകള്‍ വിതരണം ചെയ്യുന്ന ചരിത്രം ക്ലിയര്‍ പെറ്റിനുണ്ടെന്നും ഉയര്‍ന്ന തുക ഈടാക്കുന്ന നിലവിലെ കമ്പനിയെ സഹായിക്കാനാണ് മില്‍മ എംഡി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചതെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

















