എല്ലാ വർഷവും ഒരു പോലെ കടന്നു പോയാൽ മതിയോ? ഈ വർഷമെങ്കിലും അമിത ചെലവുകൾ ഇല്ലാതെ ഫിനാൻഷ്യൽ പ്ലാനിംഗ് വേണ്ടേ? സാമ്പത്തിക നേട്ടങ്ങളുണ്ടാവണം ഒപ്പം കടങ്ങൾ ഇല്ലാതിരിക്കണം. അതിനായി ഈ വർഷം എന്തെല്ലാം കാര്യങ്ങൾ ചെയ്യാം?
ഡയറി
ഈ വർഷത്തെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങൾ ഏതെല്ലാം എന്ന് എഴുതുക. മക്കളുടെ വിദ്യാഭ്യാസം, ജീവിതപങ്കാളിക്ക് അല്ലലില്ലാത്ത ജീവിത സാഹചര്യം, മാതാപിതാക്കൾക്ക് ശാന്തമായ ജീവിത സായാഹ്നം, തുടങ്ങിയവ ലക്ഷ്യമാകണം.
ആസ്തി
ഇനി നമ്മുടെ ആസ്തിയുടെ വിശദാംശങ്ങൾ എഴുതാം. വീട്, സ്വത്ത്, ജോലി, വരുമാന മാർഗ്ഗങ്ങൾ, ചിട്ടികൾ, ബന്ധുക്കൾ, മിത്രങ്ങൾ ഇവയെല്ലാം ഈ പേജിൽ ഉണ്ടാകട്ടെ. ഇതിൽ സംഖ്യാപരമായി അളക്കാനാവുന്നതും അല്ലാത്തതും പ്രത്യേകം വേർതിരിക്കുക
പുതിയ പരിശ്രമങ്ങൾ
പുതിയ വരുമാന സ്രോതസ്സുകൾ ഉണ്ടാകാൻ എന്തെല്ലാം സാധ്യതകൾ, പരിശ്രമങ്ങൾ വേണമെന്ന് കണ്ടെത്തുക ഒരു സ്ഥിര വരുമാനത്തോടൊപ്പം ഒരു വ്യതിയാന വരുമാനവും (ഫ്ളക്സിബിൾ) ഉണ്ടാകുവാൻ പരിശ്രമിക്കുക.
ബാധ്യത
ബാധ്യതകൾ എന്തെല്ലാമെന്ന് കണ്ടെത്താം. ഉദാഹരണത്തിന് ലോൺ, ഇ.എം.ഐ, പിടിച്ച ചിട്ടികൾ എന്നിവ. ഈ വർഷം തിരിച്ചടയ്ക്കേണ്ട തുക എഴുതാം. ക്രെഡിറ്റ് ലിമിറ്റിനെ കുറിച്ച് ബോധവാനാകാനും പുതിയ കടങ്ങൾ എപ്പോൾ, എങ്ങനെ എന്ന് തീരുമാനിച്ചു തിരിച്ചടയ്ക്കാനുള്ള വഴികളും എഴുതുക. ക്രെഡിറ്റ്കാർഡ് ഉപയോഗത്തിന്റെ പരിധി നിശ്ചയിക്കുക.
ആഗ്രഹം
ഈ വർഷം പുതുതായി പൂർത്തീകരിക്കേണ്ട സാമ്പത്തിക പദ്ധതികൾ കണ്ടെത്തുക. കഴിഞ്ഞ വർഷം ആഗ്രഹിച്ചിട്ടും പരിശ്രമിച്ചിട്ടും നടക്കാതെപോയതും നടന്നതുമായ ലക്ഷ്യങ്ങളും പ്രത്യേകം എഴുതുക. ഉദാഹരണം പുതിയ ജോലി, വീട് പണി തുടങ്ങിയവ
ആരോഗ്യം
ആരോഗ്യപരിപാലനത്തിനായി നിശ്ചിത തുക മാറ്റിവെക്കുക അതോടൊപ്പംതന്നെ എമർജൻസി ഫണ്ട് എന്ന പുതിയ സമ്പാദ്യശീലത്തിന് തുടക്കമിടുകയോ പഴയതിനോട് കുറച്ചുകൂടി തുക കൂട്ടിച്ചേർക്കുകയോ ചെയ്യുക
ജീവിത ശൈലി
എനർജി പൂൾസ്, എനർജി ലീക്സ് എന്നീ പദങ്ങൾ സാമ്പത്തിക ആസൂത്രണത്തിൽ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ ഊർജ്ജം സംരക്ഷിക്കാനും വളർത്താനും ഉതകുന്ന പ്രവർത്തികളാണ് എനർജി പൂൾസ്. ഉദാഹരണം ഹോബി, വ്യായാമം, യാത്ര, വിനോദം, തീർഥാടനം. ഊർജം നഷ്ടപ്പെടുത്തുന്ന സാമ്പത്തിക ഇടപെടലുകളിൽനിന്നും ബോധപൂർവം അകലാൻ തീരുമാനമെടുക്കുക. ഇത് രണ്ടും കണ്ടെത്തുന്നത് പ്രധാനപ്പെട്ടതാണ്
പരാജയങ്ങൾ
കഴിഞ്ഞ വർഷം സാമ്പത്തിക മേഖലയിൽ നിങ്ങൾക്ക് ഒരു പക്ഷേ പല ആഘാതങ്ങളും തിരിച്ചടികളും ഉണ്ടായെന്നിരിക്കാം. ഓരോ പരാജയവും നേട്ടമാകണം. അത് സൃഷ്ടിച്ച വ്യക്തികളോടുള്ള അമർഷം മാറ്റിവെച്ച് അതിൽനിന്ന് പുതിയ പാഠങ്ങൾ ഉൾക്കൊണ്ട് മുന്നേറാൻ പരിശ്രമിക്കണം. പരാജയങ്ങളും തോൽവികളും എന്നും അല്ല അധ്യാപകരാണ്.