ന്യൂഡൽഹി: ദേശീയതലത്തിൽ പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി ഒതുങ്ങി പോകേണ്ട സാഹചര്യം വന്നിട്ടുണ്ടെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കാതെ പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചുവെന്നാണ് വൃന്ദ കാരാട്ടിന്റെ വിമർശനം. ദേശീയതലത്തിൽ പാർട്ടിയിലും മറ്റു സംഘടനകളിലും കൂടുതൽ ചുമതലകൾ ഏറ്റെടുത്തപ്പോഴും പ്രകാശിന്റെ ഭാര്യയായി അതിനെ കൂട്ടിക്കുഴച്ചെന്നും വൃന്ദ കുറ്റപ്പെടുത്തി.
‘ആൻ എജ്യുക്കേഷൻ ഫോർ റീത’ എന്ന പേരിൽ ഉടൻ പുറത്തിറങ്ങുന്ന ഓർമ്മക്കുറിപ്പുകളിലാണ് വൃന്ദയുടെ തുറന്നുപറച്ചിൽ. റീത എന്നത് അടിയന്തരാവസ്ഥക്കാലത്ത് വൃന്ദയ്ക്ക് പാർട്ടി നൽകിയ വിളിപ്പേരായിരുന്നു. ലെഫ്റ്റ്‌വേർഡ് ബുക്സ് പുറത്തിറക്കുന്ന പുസ്തകത്തിൽ 1975 മുതൽ 85 വരെയുള്ള ജീവിതമാണ് വൃന്ദ ഓർത്തെടുക്കുന്നത്. ലണ്ടനിലെ ജീവിതം, അവിടെ എയർ ഇന്ത്യയിൽ ജോലി ചെയ്യുമ്പോൾ സാരി ഉടുക്കാനായി നടത്തിയ സമരം, കൊൽക്കത്തയിലെ പാർട്ടി പ്രവർത്തനം, പ്രകാശ് കാരാട്ടുമായുള്ള പ്രണയവും വിവാഹവും, ഡൽഹിയിൽ ട്രേഡ് യൂണിയൻ രംഗത്തും സ്ത്രീകളെ സംഘടിപ്പിക്കുന്നതിനും നടത്തിയ പോരാട്ടങ്ങൾ, ദുഃഖം നിറഞ്ഞ ചില വേർപാടുകൾ തുടങ്ങിയവ വിവരിക്കുന്നു.
‘ബീയിങ് എ വുമൺ ഇൻ ദ് പാർട്ടി’ എന്ന അധ്യായത്തിൽ വൃന്ദ പറയുന്നു: ‘1982 നും 1985 നും ഇടയിൽ പ്രകാശായിരുന്നു പാർട്ടി ഡൽഹി ഘടകം സെക്രട്ടറി. അക്കാലത്തു ഞാൻ വിലയിരുത്തപ്പെടുന്നുവെന്നോ എന്റെ പ്രവർത്തനങ്ങളും അഭിപ്രായങ്ങളും പ്രകാശുമായുള്ള ബന്ധവുമായി ചേർത്തുവായിക്കപ്പെടുന്നുവെന്നോ ഒരിക്കലും തോന്നിയിരുന്നില്ല. മറ്റൊന്നും പരിഗണിക്കാതെ എന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു… പക്ഷേ, പിന്നീട് അതായിരുന്നില്ല അനുഭവം.
ഡൽഹിക്കുപുറത്തു ദേശീയതലത്തിൽ പാർട്ടിയിലും മറ്റു സംഘടനകളിലും ഞാൻ കൂടുതൽ ചുമതലകൾ ഏറ്റെടുത്തു. എന്നാൽ, ആ കാലത്ത് മിക്കപ്പോഴും കമ്യൂണിസ്റ്റ്, സ്ത്രീ, മുഴുവൻസമയ പാർട്ടിപ്രവർത്തക എന്നിങ്ങനെയുള്ള എന്റെ സ്വത്വത്തെ അപ്പാടെ പ്രകാശിന്റെ ഭാര്യ എന്നതുമായി കൂട്ടിക്കുഴച്ചു. ഇത് രാഷട്രീയഭിന്നതകളുടെ സമയത്ത് – അങ്ങനെ പലതവണ ഉണ്ടായി – രൂക്ഷമായി. ദുഷ്ടലാക്കോടെ മാധ്യമങ്ങളിൽ വരുന്ന ഗോസിപ്പുകളും അതിനു കാരണമായി. സഖാക്കളുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് കൂടുതൽ ബോധവതിയാവാൻ ഞാൻ നിർബന്ധിതയായി. അധികമായ സൂക്ഷ്മപരിശോധനയുടെ ഭാരം ഞാൻ നേരിടേണ്ടിവന്നു’.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു