തിരൂർ: രാഷ്ട്രീയ മൂല്യച്യുതിയെപ്പറ്റിയുള്ള കേരളീയന്റെ ഉത്കണ്ഠയാണ് എം.ടി. വാസുദേവൻ നായരുടെ വാക്കുകളെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതിനെ ആ അർഥത്തിൽ കേരളം കാണും. രാഷ്ട്രീയത്തിന്റെ പൊതു അവസ്ഥയെക്കുറിച്ച് വ്യഥകൊള്ളുന്ന പ്രബുദ്ധമനസ്സിന്റെ ശബ്ദമാണ് അതിലൂടെ കേട്ടതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിലെ സംശുദ്ധതയ്ക്കും മൂല്യങ്ങൾക്കും വേണ്ടിയാണ് എം.ടി. വാദിച്ചത്. രാഷ്ട്രീയം മൂല്യങ്ങളെ മറക്കാൻ പാടില്ല. എം.ടി.യുടെ വാക്കുകൾക്കും വീക്ഷണങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ആ നിലയ്ക്കുതന്നെ എല്ലാവരും കാണും, ഉൾക്കൊള്ളാൻ ശ്രമിക്കും. എം.ടി.യെ ബഹുമാനിക്കാത്ത സി.പി.ഐ. ഇല്ല, സി.പി.എം. ഇല്ല, ഒരു പാർട്ടിയുമില്ല. എം.ടി.യുടെ വാക്കുകൾക്ക് കക്ഷിരാഷ്ട്രീയത്തിന്റെ നിറം കൊടുക്കേണ്ടതില്ല. എം.ടി.യുടെ വാക്കുകളെക്കുറിച്ച് സി.പി.എം. എന്തുപറയുന്നു, സി.പി.ഐ. എന്തുപറയുന്നു എന്നല്ല കേരളം എങ്ങനെ കാണുന്നുവെന്നാണറിയേണ്ടതെന്നും അദ്ദേഹം തിരൂരിൽ ‘മാതൃഭൂമി’യോട് പറഞ്ഞു.
READ ALSO….മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
എം.ടി.യുടെ വാക്കുകൾക്ക് അതിന്റേതായ വില കേരളം കൽപ്പിക്കും. അതറിയാനുള്ള രാഷ്ട്രീയപക്വത എല്ലാവർക്കുമുണ്ട്. മുഖ്യമന്ത്രി സ്റ്റേജിലുണ്ടെന്നുകരുതി എം.ടി.യുടെ വാക്കുകൾക്ക് സി.പി.എം. വിരുദ്ധമുന കൊടുക്കാൻ ശ്രമിക്കുന്നത് എഴുതാപ്പുറം വായിക്കലാണ്. അതിൽ സി.പി.എം. വിരുദ്ധമുനയില്ല. എം.ടി. വലിയ എഴുത്തുകാരൻ മാത്രമല്ല, കേരളത്തിന്റെ സാംസ്‌കാരിക മനസ്സിന്റെ, പ്രബുദ്ധ മനസ്സിന്റെ, എല്ലാത്തരം മഹത്തായ സങ്കൽപ്പങ്ങളെയും പ്രതിനിധാനംചെയ്യുന്ന മഹാനായ കേരളീയനാണ്. എഴുത്തിന്റെയും സർഗ ചിന്തകളുടെയുമെല്ലാം ശക്തികൊണ്ട് കേരളത്തിൽ സ്ഥാനംനേടിയ ആളാണ് എം.ടി. -അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു