കൊച്ചി∙ മലയാളം സർവകലാശാല യൂണിയന് സെനറ്റ് തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചത് റദ്ദാക്കി. എംഎസ്എഫ് നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ജിക്കാരുടെ നാമനിർദേശ പത്രിക സ്വീകരിച്ച് ഒരാഴ്ചയ്ക്കകം സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കണമെന്ന് കോടതി നിർദേശിച്ചു. തിരഞ്ഞെടുപ്പു നടപടികൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.
നേരത്തെ സർവകലാശാല അധികൃതർ നാമനിർദേശ പത്രിക സമർപ്പിച്ച ഉടൻതന്നെ എസ്എഫ്ഐ സ്ഥാനാർഥികളെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ 9 ജനറൽ സീറ്റിലും 11 അസോസിയേഷൻ സീറ്റിലും സെനറ്റിലുമാണ് എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചത്. എന്നാൽ ഈ വിജയം ചോദ്യം ചെയ്ത് മൂന്ന് എംഎസ്എഫ് പ്രവർത്തകർ കോടതിയെ സമീപിക്കുകയായിരുന്നു.
ഹർജിക്കാരിൽ ആദ്യത്തെയാളായ ഫൈസല്‍ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു നാമനിർദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാൽ ഇതു തള്ളുകയായിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ചെങ്കിലും മറുപടി ലഭിച്ചില്ല. രണ്ടും മൂന്നും ഹർജിക്കാൻ ചെയർപഴ്സൻ, സ്പോർട്സ് സെക്രട്ടറി സ്ഥാനങ്ങളിലേക്കു നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയിരുന്നു. എന്നാൽ ടോക്കൺ നിഷേധിച്ചതോടെ ഇവർക്കു പത്രിക നല്‍കാനായില്ല. ഇതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്. പത്രിക തള്ളിയതിനും സ്വീകരിക്കാതിരുന്നതിനും വ്യക്തമായ കാരണം പറയാത്തതിനു നിലനിൽപ്പില്ലെന്ന് കോടതി നിരീക്ഷിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു