കൊച്ചി ∙ തിരുവനന്തപുരം പാളയത്തു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കുകയും കരിങ്കൊടി കാട്ടി വാഹനം തടയുകയും ചെയ്തെന്ന കേസിൽ എസ്എഫ്ഐ പ്രവർത്തകർക്കു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
ഓരോ പ്രതിയുടെയും മാതാപിതാക്കളിലൊരാൾ ജാമ്യം നിൽക്കണം. ജാമ്യത്തുകയും കെട്ടിവയ്ക്കണം.
തിരുവനന്തപുരം വിട്ടുപോകരുത്, മൂന്നു മാസം കൂടുമ്പോൾ ഹാജർ റജിസ്റ്റർ ഹാജരാക്കണം, കൗൺസിലിങ്ങിനു പോകാനായി വിദ്യാർഥികൾ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയെ ബന്ധപ്പെടണം എന്നതുൾപ്പെടെയാണു വ്യവസ്ഥകൾ.
സൗജന്യ കൗൺസിലിങ്ങിനുള്ള സൗകര്യം ലീഗൽ സർവീസ് അതോറിറ്റി ചെയ്യുമെന്നും ജസ്റ്റിസ് സി.എസ്.ഡയസ് അറിയിച്ചു.
കേസിലെ ഒന്നു മുതൽ ഏഴു വരെ പ്രതികളായ യദുകൃഷ്ണൻ, ആഷിക് പ്രദീപ്, ആർ.ജി.ആഷിഷ്, ദിലീപ്, റയാൻ, അമൽ ഗഫൂർ, റിനോ സ്റ്റീഫൻ എന്നിവരുടെ ജാമ്യാപേക്ഷയാണു പരിഗണിച്ചത്. ഇവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.