പാലക്കാട്: വടകരപ്പതിയില്‍ പഞ്ചായത്ത് ഓഫീസിന് സമീപം യുവാവിൻറെ ആത്മഹത്യാ ശ്രമം. ചുള്ളിമട സ്വദേശി ചാര്‍ളിയാണ് വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.വീടുവെക്കുന്നതിന് പഞ്ചായത്തില്‍ മിച്ചഭൂമിക്കായി ചാര്‍ളി അപേക്ഷിച്ചിരുന്നു. സ്ഥലം പതിച്ച് നല്‍കുന്ന കാര്യം നേരത്തെ തീരുമാനമായിരുന്നു. ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍ പ്രത്യേക അനുമതിയും നല്‍കിയിരുന്നു.
ഇതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ നാട്ടുകാരില്‍ ചിലര്‍ ചാര്‍ളിക്ക് ഭൂമി നല്‍കുന്നതില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ചാര്‍ളി വിഷം കഴിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.വിഷം കഴിച്ച ശേഷം പഞ്ചായത്ത് ഓഫീസില്‍ ചെന്ന ചാര്‍ളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയപ്പോഴാണ് പ്രസിഡന്റ് കാര്യം തിരക്കിയത്.
തുടര്‍ന്ന് ചാര്‍ളി വിഷം കഴിച്ച കാര്യം വെളിപ്പെടുത്തി. ഉടൻതന്നെ പഞ്ചായത്തിലുള്ളവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.