ഗാന്ധിനഗർ: റിലയൻസ് അന്നും എന്നും എന്നും ഗുജറാത്തി കമ്പനി തന്നെയായിരിക്കുമെന്ന് സിഎംഡി മുകേഷ് അംബാനി. ഗുജറാത്ത് നമ്മുടെ മാതൃഭൂമിയാണെന്നും, അതെപ്പോഴും കർമഭൂമിയായി തുടരണമെന്നുമാണ് അച്ഛൻ ധിരുഭായ് അംബാനി തന്നെ ഉപദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം അനുസ്മരിച്ചു.
വൈബ്രന്‍റ് ഗുജറാത്ത് ഉച്ചകോടി 2024 ൽ സംസാരിക്കുകയായിരുന്നു അംബാനി. റിലയൻസിന്‍റെ ഓരോ ബിസിനസും തന്‍റെ ഏഴു കോടി വരുന്ന ഗുജറാത്തി സഹോദരങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുടനീളം ലോകോത്തര ആസ്തികളും ശേഷികളും സൃഷ്ടിക്കുന്നതിന് റിലയൻസ് 12 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിൽ മൂന്നിലൊന്നിലധികം ഗുജറാത്തിൽ മാത്രമാണെന്നും അംബാനി ചൂണ്ടിക്കാട്ടി.
അടുത്ത പത്ത് വർഷത്തിനുള്ളിൽ ഗണ്യമായ നിക്ഷേപങ്ങളോടെ ഗുജറാത്തിന്‍റെ വളർച്ചയിൽ റിലയൻസ് ഒരു പ്രധാന പങ്ക് വഹിക്കും. പ്രത്യേകിച്ചും, ഹരിത എനർജി വളർച്ചയിൽ ഗുജറാത്തിനെ ആഗോള നേതാവാക്കി മാറ്റുന്നതിന് റിലയൻസ് സംഭാവന നൽകും. 2030-ഓടെ പുനരുപയോഗ ഊർജത്തിലൂടെ ഗുജറാത്തിന്‍റെ ലക്ഷ്യത്തിന്‍റെ പകുതിയും നിറവേറ്റാൻ ഞങ്ങൾ സഹായിക്കും. ഇതിനായി ജാംനഗറിൽ 5000 ഏക്കറിൽ ധീരുഭായ് അംബാനി ഗ്രീൻ എനർജി ജിഗാ കോംപ്ലക്‌സ് നിർമിക്കാൻ തുടങ്ങിയിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
read also…ടിഎൻ പ്രതാപൻ എംപിയുടെ സ്റ്റാഫിനെതിരായ ആരോപണം: കെ സുരേന്ദ്രന് വക്കീൽ നോട്ടീസ്
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിനെ ഇന്ത്യയുടെ വളർച്ചാ യന്ത്രമാക്കിയത് നരേന്ദ്ര മോദിയാണെന്നും അംബാനി പറഞ്ഞു. ഇപ്പോൾ പ്രധാനമന്ത്രി എന്ന നിലയിൽ ഇന്ത്യയെ ലോകത്തിന്‍റെ വളർച്ചാ യന്ത്രമാക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. വെറും രണ്ട് പതിറ്റാണ്ടിനുള്ളിൽ ഗുജറാത്തിൽ നിന്ന് ആഗോളതലത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ യാത്ര ഐതിഹാസികമാണെന്നും അംബാനി അഭിപ്രായപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു