പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാര്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ മാലദ്വീപിലേക്ക് ബുക്ക് ചെയ്ത യാത്രകള്‍ റദ്ദാക്കി ഇന്ത്യന്‍ ട്രാവല്‍ ഏജന്‍സി. ഈസി ട്രിപ്പ് പ്ലാനേഴ്‌സ് എന്ന ട്രാവല്‍ കമ്പനിയാണ് മാലദ്വീപ് പാക്കേജുകള്‍ റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. ഇതോടെ ഓഹരി വിപണിയില്‍ ഈ കമ്പനിയുടെ മൂല്യം ആറ് ശതമാനം വരെ ഉയര്‍ന്നു.
ഈസി ട്രിപ്പ് പ്ലാനേഴ്‌സ് സി.ഇ.ഒ. നിശാന്ത് പിറ്റിയാണ് കമ്പനിയുടെ നിലപാട് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. വൈകാതെ തന്നെ ഇത് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു. തിങ്കളാഴ്ച ഈസി ട്രിപ്പ് പ്ലാനേഴ്‌സ് ഓഹരികള്‍ 5.96 ശതമാനം ഉയര്‍ന്ന് സെന്‍സെക്‌സില്‍ 43.90 രൂപയിലെത്തി. ഈസി ട്രിപ്പ് പ്ലാനേഴ്‌സ് ജനുവരി 5-ന് ‘ഈസി ട്രിപ്പ് ഇന്‍ഷുറന്‍സ് ബ്രോക്കര്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരില്‍ ഒരു ഉപകമ്പനി സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ കമ്പനി ഓഹരി വിപണിയില്‍ പ്രതിസന്ധികള്‍ നേരിടുകയായിരുന്നു. കമ്പനിയുടെ ഓഹരികള്‍ 18 ശതമാനത്തോളം ഇടിയുകയും മാസങ്ങളായി മാറ്റമില്ലാതെ തുടരുകയുമായിരുന്നു. മാലദ്വീപ് വിവാദം കമ്പനിയെ ഈ പ്രതിസന്ധിയില്‍നിന്ന് കരകയറ്റുകയും ചെയ്തു.
ലക്ഷദ്വീപ് യാത്രയ്ക്ക് കമ്പനി വന്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് മൂന്ന് മന്ത്രിമാരെ മാലദ്വീപ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മാലദ്വീപിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി ബോളിവുഡ് താരങ്ങളടക്കം നിരവധി പേര്‍ രംഗത്തെത്തി. നടന്മാരായ അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, വരുണ്‍ ധവാന്‍, ശ്രദ്ധ കപൂര്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍, വെങ്കടേഷ് പ്രസാദ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. അവധിയാഘോഷത്തിന് മാലദ്വീപിനു പകരം ഇന്ത്യന്‍ ദ്വീപുകള്‍ തിരഞ്ഞെടുക്കൂ എന്നായിരുന്നു ഇവര്‍ ആഹ്വാനം ചെയ്തത്.
ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌നോര്‍ക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളും വ്യാപകമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാലദ്വീപ് മന്ത്രിയുടെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പരിഹാസവുമായി മാലദ്വീപ് ഭരണകക്ഷി അംഗം രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് വന്‍തോതിലുള്ള തര്‍ക്കങ്ങളും സമൂഹ മാധ്യമങ്ങളില്‍ അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മന്ത്രിയുടെ പ്രതികരണവും പുറത്തുവന്നത്. മാലദ്വീപില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു