ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ മാലദ്വീപ് മന്ത്രിമാരെ വിമര്‍ശിച്ച് മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ്. മന്ത്രിമാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരിക്കലും സംഭവിക്കാനരുതാത്ത, അതീവ ദുഃഖകരമായ സംഭവമെന്നാണ് എഎന്‍ഐയോട് അഹമ്മദ് അദീബിന്റെ പ്രതികരണം.
“തിരഞ്ഞെടുക്കപ്പെട്ട പദവിയിലിരിക്കുമ്പോള്‍ നിങ്ങളൊരിക്കലും ഒരു ആക്ടിവിസ്റ്റിനെപ്പോലെ സംസാരിക്കരുത്. നിങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതുണ്ട്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെയുള്ള ആഗോള നേതാവിനെതിരെ ഇത്തരത്തിലുള്ള നിലവാരമില്ലാത്ത പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒരുതരത്തിലും സ്വീകാര്യമല്ല.
സഹിഷ്ണുത, ഐക്യം, സൗഹൃദം, ആതിഥ്യമര്യാദ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് നമ്മുടെ വിനോദസഞ്ചാര മേഖല. ഞാന്‍ മന്ത്രിയായിരുന്ന കാലത്ത് നിരവധി ബോളിവുഡ് അഭിനേതാക്കള്‍ക്ക് സ്വാഗതമരുളിയിട്ടുണ്ട്. അവര്‍ നമുക്ക് വേണ്ട പിന്തുണ നല്‍കുകയും മാലദ്വീപിനെ ഇന്ന് കാണുന്ന തരത്തിലെത്തിക്കാന്‍ സഹായിക്കുകയും ചെയ്തു. അവരെല്ലാം നമുക്കെതിരെ വിമര്‍ശനം ഉന്നയിക്കാനുള്ള സാഹചര്യമുണ്ടായത് ഖേദകരമാണ്. കോവിഡിനുശേഷം ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് മാലദ്വീപിന്റെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിച്ചത്.
ഒരുതരത്തിലും ഇത്തരത്തിലുള്ള പ്രവൃത്തി അംഗീകരിക്കാനാകില്ല. ആ മന്ത്രിമാര്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, അതിലൂടെ അവര്‍ സ്വയം രാജിവെച്ചൊഴിയുമെന്നും കരുതുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ ശക്തമായ നടപടിയിലൂടെ നാം പ്രതികരിക്കുക തന്നെ വേണം”, അഹമ്മദ് അദീബ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനുപിന്നാലെ അദ്ദേഹം നടത്തിയ സ്‌നോര്‍ക്കലിങ്ങിന്റേതുള്‍പ്പെടെയുള്ള വീഡിയോകളും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. മാലദ്വീപിന് ബദലായി ഇന്ത്യയുടെ ലക്ഷദ്വീപിനെ വിനോദസഞ്ചാര ശ്രദ്ധാകേന്ദ്രമാക്കാനുള്ള നീക്കമാണെന്ന തരത്തില്‍ ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് മാലദ്വീപ് മന്ത്രിമാര്‍ സാമൂഹികമാധ്യമത്തിലൂടെ മോദിക്കെതിരെ പരാമര്‍ശം നടത്തിയത്. സംഗതി വിവാദമായതോടെ മറിയം ഷിനൂയ, മാല്‍ഷ ഷെരീഫ്, മഹ്‌സൂം മാജിദ് എന്നീ മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം സസ്‌പെന്‍ഡ് ചെയ്തു.വിദേശനേതാക്കള്‍ക്കും ഉന്നതസ്ഥാനീയരായ വ്യക്തികള്‍ക്കുമെതിരെ മാലദ്വീപ് മന്ത്രിമാരോ മറ്റോ നടത്തുന്ന പരാമര്‍ശങ്ങളോ അഭിപ്രായപ്രകടനങ്ങളോ ഭരണകൂടത്തിന്റെ അഭിപ്രായമോ നയമോ അല്ലെന്നും ഭരണകൂടം പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















