റായ്‍പുർ: മഹാദേവ് വാതുവെപ്പ് ആപ്പ് തട്ടിപ്പിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അനുബന്ധകുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ആപ്പിന്റെ ഉടമകളിൽനിന്ന് ഛത്തീസ്ഗഢ് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബഘേൽ 508 കോടി രൂപ കൈപ്പറ്റിയെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ടെന്ന് വിശ്വസ്തകേന്ദ്രങ്ങൾ വെളിപ്പെടുത്തി. കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ ബഘേലിനെതിരേ വൈകാതെ സമൻസ് അയക്കുമെന്ന് ഇ.ഡി. അഭിഭാഷകൻ സൗരഭ് പാണ്ഡെ അറിയിച്ചു.
റായ്‍പുരിലെ പ്രത്യേക കോടതിയിലാണ് ജനുവരി ഒന്നിന് അന്വേഷണ ഏജൻസി പുതിയ കുറ്റപത്രം സമർപ്പിച്ചത്. ശുഭം സോണി, അമിത് കുമാർ അഗർവാൾ, രോഹിത് ഗുലാത്തി, ഭീംസിങ്, അസീം ദാസ് എന്നിവർക്കെതിരേയാണ് കുറ്റപത്രം. ഇ.ഡി. അറസ്റ്റുചെയ്ത അസീംദാസ് മഹാദേവ് ആപ്പ് ഉടമകൾതന്നെ ഭൂപേഷ് ബഘേലിന് പണം കൈമാറാൻ അയച്ചതാണെന്നാണ് ആരോപിച്ചത്. പിന്നീടിയാൾ അതു നിഷേധിച്ചെങ്കിലും വീണ്ടും മനസ്സുമാറി. കടുത്ത സമ്മർദംമൂലമാണ് മൊഴിമാറ്റിയതെന്നും ഇപ്പോൾ ആദ്യം പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നും ഇ. ഡി. കോടതിയെ അറിയിച്ചു.
ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ആപ്പ് ഉടമകളുടെ പണം കൈമാറ്റക്കാരനായാണ് അസീംദാസ് ജോലിചെയ്തിരുന്നത്. കഴിഞ്ഞ നവംബറിൽ ഛത്തീസ്ഗഢിലെ നിയമസഭാതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് റായ്‍പുരിൽനിന്ന് അറസ്റ്റിലായ ഇയാളിൽനിന്ന് കണക്കിൽപ്പെടാത്ത 5.39 കോടി രൂപ ഇ.ഡി. പിടിച്ചിരുന്നു.അഴിമതിപ്പാർട്ടിയാണ് കോൺഗ്രസ് എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇ.ഡി. നടപടിയെന്ന് ബി.ജെ.പി. ആരോപിച്ചു. ഭൂപേഷ് ബഘേലിന്റെ ഭരണകാലത്ത് ഛത്തിസ്ഗഢിനെ കോൺഗ്രസ് നേതൃത്വം എ.ടി.എമ്മായി ഉപയോഗിച്ചുവരുകയായിരുന്നുവെന്ന് ബി.ജെ.പി. ദേശീയവക്താവ് ഷെഹ്സാദ് പൂനാവാല കുറ്റപ്പെടുത്തി.
ഛത്തീസ്ഗഢിലെ ചെറുകിട കച്ചവടക്കാരായിരുന്ന സൗരഭ് ചന്ദ്രാകർ, രവി ഉപ്പൽ എന്നിവർ ചേർന്ന് തുടക്കമിട്ട മഹാദേവ് വാതുവെപ്പ് ആപ്പ് വഴി 5000 കോടിയിലേറെ രൂപയുടെ തട്ടിപ്പുനടന്നെന്നാണ് ഇ.ഡി.യുടെ കേസ്. ദുബായിൽനിന്നാണ് പ്രതികൾ ആപ്പിന്റെ പ്രവർത്തനം നടത്തിയിരുന്നത്.
ഗൂഢാലോചനയെന്ന് ബഘേൽ
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) അവരുടെ രാഷ്ട്രീയയജമാനന്മാരുടെ നിർദേശപ്രകാരം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് മഹാദേവ് ആപ്പ് കേസിലെ അനുബന്ധ കുറ്റപത്രത്തിൽ തന്റെ പേര് പരാമർശിച്ചിരിക്കുന്നതെന്ന് ഭൂപേഷ് ബഘേൽ ആരോപിച്ചു. ഇ.ഡി. ഒരു കാര്യവുമില്ലാതെ ആളുകളെ അറസ്റ്റുചെയ്യുകയാണ്. എന്നിട്ട് തനിക്കും അനുയായികൾക്കുമെതിരേ മൊഴിനൽകാൻ സമ്മർദം ചെലുത്തുന്നുവെന്നും ബഘേൽ ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















