കൽപറ്റ: അന്തർസംസ്ഥാന ജോലി തട്ടിപ്പ് സംഘത്തിലെ രണ്ടു പേരെ വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ഇദ്രീസ് (39), കർണാടക സ്വദേശി തരുൺ ബസവരാജ് (21) എന്നിവരെയാണ് ജില്ല പൊലീസ് മേധാവി പദം സിങ്ങിന്റെ മേൽനോട്ടത്തിൽ വയനാട് സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച ട്രിച്ചിയിൽവെച്ച് അറസ്റ്റ് ചെയ്തത്.
ഒരു മാസത്തിനുള്ളിൽ വയനാട് സൈബർ പൊലീസ് പിടികൂടുന്ന മൂന്നാമത്തെ ജോലി തട്ടിപ്പ് സംഘമാണിത്. സിംഗപ്പൂരിലെ പസഫിക് ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് കൽപറ്റ എടപ്പെട്ടി സ്വദേശി സജിത്ത് കുമാറിൽ നിന്ന് 11 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്. വ്യാജ സൈറ്റ് നിർമിച്ചാണ് തട്ടിപ്പ് നടത്തിയത്. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ ഇവർക്കെതിരെ നിരവധി കേസുകളുണ്ട്.
പ്രതികളെ കൽപറ്റ സി.ജെ.എം കോടതിയിൽ ഹാജരാക്കി. റിമാൻഡിലായ പ്രതികളെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. സൈബർ സ്റ്റേഷനിലെ എസ്.ഐ. അശോക് കുമാർ, എസ്.ആർ.സി.പി.ഒമാരായ റസാഖ്, ഷുക്കൂർ, അനൂപ്, സി.പി.ഒ. റിജോ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു