കൊച്ചി :വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.കട്ടപ്പന പ്രത്യേക കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. കേസില്‍ പ്രതി അര്‍ജുനിന് നോട്ടീസ് അയച്ച കോടതി ഹര്‍ജി ഈ മാസം 29 ന് പരിഗണിക്കാൻ മാറ്റി. തെളിവുകളുടെ അഭാവത്തിലായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാല്‍ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകള്‍ വിശകലനം ചെയ്യുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കുന്നത്.
വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടി തൂക്കിയ കേസിലെ പ്രതിയെ പ്രോസിക്യൂഷന് കേസ് തെളിയിക്കാനാകാതെ പോയതിനാല്‍ വെറുതെ വിടുകയായിരുന്നു. അര്‍ജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉള്‍പ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായില്ല.
2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊലചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയിലും വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്.
പ്രോസിക്യൂഷന്റെ പത്തുപാളിച്ചകളാണ് വണ്ടിപ്പെരിയാര്‍ കൊലപാതകക്കേസിന്റെ നട്ടെല്ലൊടിച്ചതെന്നാണ് വിധിന്യായത്തിലുണ്ടായിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ അലംഭാവവും ശാസ്ത്രീയ തെളിവുശേഖരണത്തിലെ പരാജയവും കേസിലുടനീളം പ്രകടമായി. തെളിവുശേഖരണത്തിലും കുറ്റകരമായ നിശബ്ദത പലഘട്ടങ്ങളിലും പ്രകടമാണെന്നും ഉത്തരവിലുണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു